കൊഹ്‌ലിയുടെ 50-ാം സെഞ്ച്വറി 11 വർഷം മുമ്പ് പ്രവചിച്ചു; ഇന്ന് ആ നേട്ടം കാണാൻ ഷിജുവില്ല
കൊച്ചി: നിരവധി റെക്കോഡുകൾ സ്വന്തമാക്കിയാണ് സച്ചിൻ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏകദിന ക്രിക്കറ്റിലെ 49 സെഞ്ച്വറിയെന്ന റെക്കോഡാണ്. സച്ചിൻ കളി നിർത്തുമ്പോൾ അസാദ്ധ്യമെന്ന് തോന്നിയ ആ റെക്കോഡ് സച്ചിന്റെ പേരിൽ തന്നെ എന്നും നിലനിൽക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതിയത്. ഈ റെക്കോഡ് തകർക്കാൻ മറ്റൊരാൾ ഉണ്ടാകുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ഇന്നാ റെക്കോഡ് സാക്ഷാൽ സച്ചിനെ സാക്ഷിയാക്കിക്കൊണ്ട് തന്നെ വിരാട് കൊഹ്‌ലി തിരുത്തിയിരിക്കുകയാണ്.
സച്ചിന്റെ റെക്കോഡ് കൊഹ്‌ലി തകർക്കുമെന്ന് അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ വിശ്വസിച്ചിരുന്ന ഒരാളുണ്ട്. കൊച്ചി ഇടപ്പള്ളി സ്വദേശി ഷിജു ബാലാനന്ദൻ. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയ്‌ക്കെതിരെ കൊഹ്‌ലി സെഞ്ച്വറി നേടിയപ്പോൾ ഷിജു തന്റെ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു, 'സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് കൊഹ്‌ലി മറികടക്കും.' അന്ന് പല വിധത്തിലുള്ള കമന്റുകൾ വന്നിരുന്നു. സ്വപ്നത്തിന് പരിധികളുണ്ടെന്ന് പലരും പറഞ്ഞെങ്കിലും ഷിജു തന്റെ പ്രവചനത്തിൽ ഉറച്ചുനിന്നു. പിന്നീടങ്ങോട്ട് കൊഹ്‌ലി നേടുന്ന ഓരോ സെഞ്ചറികളും അദ്ദേഹം കമന്റുകളായി ആ പോസ്റ്റിന് താഴെ രേഖപ്പെടുത്തി. 35-ാം സെഞ്ച്വറി വരെ ഇത് തുടർന്നു. പിന്നീട് നേടിയ സെഞ്ച്വറികൾ രേഖപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു കാർ ആക്സിഡന്റിൽ ഷിജു മരണപ്പെട്ടു.
പിന്നീട് ഷിജുവിന്റെ സുഹൃത്തുക്കൾ പ്രവചന പോസ്റ്റിനടിയിൽ കമന്റുകളിട്ടുകൊണ്ടേയിരുന്നു. കൊഹ്‌ലി ചരിത്രം കുറിച്ച് അൻപതാം സെഞ്ച്വറി നേടിയപ്പോഴും സുഹൃത്തുക്കൾ ഇതാവർത്തിച്ചു. ലക്ഷക്കണക്കിന് ജനങ്ങൾ കണ്ട ഈ പോസ്റ്റ് ഇപ്പോഴും വൈറലാണ്.