കേരളത്തിൽ ഏറ്റവും കൂടുതൽ എയിഡ്സ് വന്നത് ഭാര്യമാർക്കാണ്, ലൈംഗിക തൊഴിലാളികൾക്കല്ല; വെളിപ്പെടുത്തലുമായി മൈത്രേയൻ

Friday 17 November 2023 1:46 PM IST

എല്ലാവരെയും പേരാണ് വിളിക്കുന്നതെന്ന് ആക്‌ടിവിസ്റ്റ് മൈത്രേയൻ. കേരളത്തിൽ 'മഹാന്മാരെന്ന്' വിളിക്കുന്ന എല്ലാവരുമായിട്ട് പരിചയമുണ്ടെന്നും അവരെയെല്ലാം പേര് തന്നെയാണ് വിളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുഗതകുമാരി, ഒ എൻ വി കുറുപ്പ് ഇവരെയൊക്കെ പേരായിരുന്നു വിളിച്ചിരുന്നത്. തുടക്കത്തിൽ അവർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. അത് കഴിഞ്ഞപ്പോൾ ബഹുമാനമില്ലാത്ത രീതിയിലുള്ള മറ്റ് പ്രവൃത്തികളില്ലെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.

ലിവിംഗ് ടുഗദറിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. 'ഭർത്താവ് എന്ന വാക്കിന്റെ അർത്ഥം തന്നെ ഭരിക്കുകയെന്നാണ്. ഭാര്യ എന്ന് പറഞ്ഞാൽ ഭരിക്കപ്പെടുകയെന്നും. അത് പഴയ മൂല്യബോധത്തിനകത്തുള്ള ബന്ധങ്ങളാണ്. ഇങ്ങനെയല്ല, തുല്യരായുള്ള മനുഷ്യരായി ജീവിക്കാനാണ് തിരഞ്ഞെടുക്കുന്നത്. ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്ത് ഒന്നിച്ച് ജീവിക്കുകയാണ് ചെയ്തത്.

ഇവിടത്തെ പാർലമെന്ററി സമിതി ഇത് ക്രിമിനൽ കുറ്റമാക്കണമെന്ന് റെക്കമൻഡ് ചെയ്തിരിക്കുകയാണ്. മോദി ഭരിക്കുമ്പോൾ ഇതൊക്കെ അനുഭവിക്കേണ്ടി വരും. വേറെ എന്താ വഴി. അമ്പലവും പള്ളിയും ഉണ്ടാക്കാൻ നടക്കുന്ന വിദ്വാന്മാരെ തിരഞ്ഞെടുത്തതിന് നമ്മൾ അനുഭവിക്കുന്ന ദുരിതമാണത്.'- അദ്ദേഹം പറഞ്ഞു.

സെക്സ് വർക്കേഴ്സിനെക്കുറിച്ചും, ലൈംഗിക രോഗങ്ങളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. "നമ്മൾ എടുക്കേണ്ട മുൻകരുതലുകളെടുത്താൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ രോഗങ്ങൾ വരില്ല. കുഞ്ഞുങ്ങളെയുണ്ടാക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ സർക്കാരല്ലേ കോണ്ടം ഉണ്ടാക്കിയിട്ടുള്ളത്. ലൈംഗിക ബന്ധത്തിൽ നിന്ന് ലൈംഗികരസം ഉണ്ടാക്കണമെന്നല്ലേ സർക്കാർ ആഗ്രഹിക്കുന്നത്. രോഗം പിടിക്കുകയെന്ന് പറയുന്നത് ഇടപഴകുന്നവഴിയാണ്. സുരക്ഷിതമായി ലൈംഗികബന്ധത്തിലേർപ്പെട്ടില്ലെങ്കിൽ ആർക്കും എയ്ഡ്സ് വരും.കേരളത്തിൽ ഏറ്റവും കൂടുതൽ എയിഡ്സ് വന്നത് ഭാര്യമാർക്കാണ്, ലൈംഗിക തൊഴിലാളികൾക്കല്ല. പുരുഷന്മാർക്കാണ് പിന്നെ ഏറ്റവും കൂടുതൽ വന്നിട്ടുള്ളത്. സ്ത്രീകൾക്കായാലും ലൈംഗിക തൊഴിലാളികൾക്കായാലും പുരുഷന്മാരാണ് നടന്ന് സകലർക്കും രോഗം കൊടുക്കുന്നത്."- മൈത്രേയൻ കൂട്ടിച്ചേർത്തു.