ദത്ത് റദ്ദാക്കൽ കേസ് : അനാഥ പെൺകുട്ടിയെ എങ്ങോട്ട് വിടും?
കൊച്ചി:നാലോ അഞ്ചോ വയസുള്ള പെൺകുട്ടികൾക്കു പോലും രക്ഷയില്ലാത്ത നാട്ടിൽ അനാഥയായ പതിനെട്ടുകാരിക്ക് എന്ത് സുരക്ഷയെന്ന് ഹൈക്കോടതി. മനുഷ്യരെന്ന് വിളിക്കാൻ പോലും പറ്റാത്ത ക്രിമിനലുകൾക്കിടയിലേക്ക് എങ്ങനെ ഇറക്കിവിടും ?. കുട്ടിയുടെ ഭാവിയും സുരക്ഷയും കോടതിക്ക് കണക്കിലെടുത്തേ പറ്റൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
ദത്തെടുത്ത പെൺകുട്ടിയുമായി യോജിച്ചു പോകാൻ കഴിയാത്തതിനാൽ ദത്ത് റദ്ദാക്കണമെന്ന തിരുവനന്തപുരം സ്വദേശികളായ റിട്ട.സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നല്കിയ ഹർജിയിലാണ് പരാമർശം.
കുട്ടിയുമായി സംസാരിച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കോടതി നിർദ്ദേശിച്ചു. അടുത്ത ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
ആരുമില്ലാതെ പകച്ചു നില്ക്കുന്ന കുട്ടിയെ എവിടേക്കു വിടും തുടങ്ങിയ കാര്യങ്ങൾ സങ്കീർണമാണെന്ന് കോടതി പറഞ്ഞു. ഭാഷപോലും അറിയാതെ കേരളത്തിലെത്തിയ കുട്ടിയുടെ മാനസികാവസ്ഥ മനസിലാകും. ദത്തെടുത്തവരോട് കുട്ടിക്ക് മാനസികമായ അകൽച്ചയുണ്ടെന്ന് തോന്നുന്നില്ലെന്നും വിലയിരുത്തി.
ഹർജിക്കാരുടെ 23 വയസുള്ള ഏക മകൻ 2017 ജനുവരി 14ന് കാറപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ലുധിയാനയിലെ നിഷ്‌കാം സേവാശ്രമത്തിൽ നിന്ന് പതിമൂന്നുകാരിയെ 2018ൽ ദത്തെടുത്തത്. കേരളത്തിൽ നിന്ന് ദത്തെടുക്കാൻ താമസമുള്ളതിനാലായിരുന്നു ഇത്. കുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. കുട്ടിയെ തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമവും തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.