നാടിന്റെ ജലസംഭരണി,​ ചായികുളത്തിന് വേണം പുതു ജീവൻ

Saturday 18 November 2023 12:01 AM IST
chayikulam

പേരാമ്പ്ര: ഒരുനാടിന്റെയാകെ ജല സംഭരണിയായ ചായികുളം നീരൊഴുക്ക് തടസപ്പെട്ട് ജീർണാവസ്ഥയിൽ. ചല്ലിയും പായലും നിറഞ്ഞ് മലിനമായിരുന്ന ചായികുളം ഈ അടുത്താണ് പ്രദേശത്തെ വിദ്യാർത്ഥികൾ വൃത്തിയാക്കിയത്. വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അഞ്ചരലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതിൽ നിർമ്മിച്ചെങ്കിലും നീരൊഴുക്ക് സൗകര്യമില്ലാത്തതിനാൽ ജലം മലിനമാകുന്ന സ്ഥിതിയാണ്.ഏത് വരൾച്ചയിലും സമ്പന്നമായ 80 മീറ്റർ നീളവും, 20 മീറ്റർ വീതിയുമുള്ള ചായിക്കുളം കൂത്താളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പേരാമ്പ്ര ചക്കിട്ടപാറ റൂട്ടിൽ കുരുവത്ത് കണ്ടികോക്കാട് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. മേഖലയിലെ 100ൽ പരം കിണറുകൾക്കും കാർഷികാവശ്യങ്ങൾക്കും ഒരു സംഭരണിയാണ് ചായിക്കുളം. ഇന്ന് ഈ കുളത്തിന്റെ അവസ്ഥ തീർത്തും പരിതാപകരമാണ്. ചെളിയും മണ്ണും പായലും നിറഞ്ഞ് നീരുറവ നഷ്ടപ്പെട്ട നിലയിലാണ്. കനത്തമഴയിൽ സമീപ പ്രദേശങ്ങളിലെ കുന്നിൻ മുകളിൽ നിന്നും മലിന ജലം ഒഴുകിയെത്തി കുളം പലപ്പോഴും മലിനമാകുന്ന സ്ഥിതിയാണ്. ഈ വെള്ളം തിരിച്ചു വിടാൻ പര്യാപ്തമായ കാനകൾ പോലുമില്ല. കുളം നവീകരിക്കാൻ പദ്ധതി ഏറെ തവണ ആവിഷ്കരിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കുളത്തിൽ വേനൽക്കാലം വെളളം കെട്ടിനിൽക്കുന്ന അവസരത്തിൽ പരിസരവാസികളുടെ കിണറുകൾ ഒരിക്കൽ പോലും വറ്റാറില്ല. ചായികുളം നവീകരിക്കാൻ പ്രത്യേക പദ്ധതി ആവഷ്കരിച്ച് കുളം സംരക്ഷിച്ചാൽ പേരാമ്പ്ര ബ്ലോക്കിൽ മുഴുവനായി കുടിവെള്ളമെത്തിക്കാൻ കഴിയുന്ന ഒരു വലിയ പദ്ധതിയാക്കി മാറ്റാൻ കഴിയും. ഇതിന് എത്രയും പെട്ടന്ന് ഫലപ്രദമായ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചായികുളം പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചാൽ ശുദ്ധജലത്തിനും കാർഷികാവശ്യങ്ങൾക്കും നീന്തൽ പരിശീലനത്തിന്യം ഉപയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങൾ മുൻ കൈഎടുത്ത്കുളം സംരക്ഷിക്കണം: എം പി പ്രകാശ് (പൊതു പ്രവർത്തകൻ)