ലീഗ് നിലപാട്: യു.ഡി.എഫിൽ ആശയക്കുഴപ്പം
തിരുവനന്തപുരം: ലീഗ് എം.എൽ.എ പി.അബ്ദുൾ ഹമീദിനെ കേരള ബാങ്ക് ഭരണസമിതിയിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച ലീഗ് നേതൃത്വത്തിന്റെ നിലപാടിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം.
പാലസ്തീൻ ഐക്യദാർഡ്യ റാലിയിലേക്കുള്ള സി.പി.എം ക്ഷണം സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നതിനിടെയാണ് സി.പി.എം നേതൃത്വത്തിലുള്ള കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് അംഗത്തെ പാർട്ടി അനുമതിയോടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള കക്ഷികൾക്ക് ഇതിനോട് യോജിപ്പില്ലെങ്കിലും നിലവിൽ ഇത് ചർച്ചയാക്കേണ്ടെന്ന നിലപാടിലാണ്. വള്ളിക്കുന്ന് എം.എൽ.എയും ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൾ ഹമീദിനെ ഭരണസമിതിയിലേക്ക് നാമനിർദ്ദേശം ചെയ്ത ശേഷം ലീഗ് നേതൃത്വം യു.ഡി.എഫ് കൺവീനർ എം.എം ഹസനുമായി ആശയ വിനിമയം നടത്തിയിരുന്നു. മുന്നണി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്ന നിലപാടാണ് പല ഘടകകക്ഷികൾക്കുമുള്ളത്.
വിഷയത്തിൽ ലീഗ് നേതൃത്വത്തിനിടയിലും ഭിന്നാഭിപ്രായമുണ്ട്. സഹകരണ മേഖലയിലെ കൊള്ളയ്‌ക്കെതിരെ സമരം നടത്തുമ്പോൾ യു.ഡി.എഫിലെ ഘടകകക്ഷി തന്നെ
കേരള ബാങ്ക് ഭരണസമിതിയിൽ ഉൾപ്പെടുന്നതാണ് പ്രാദേശിക നേതൃത്വങ്ങളെ വലയ്ക്കുന്നത്.
'യു.ഡി.എഫിൽ കൂട്ടായ ആലോചന നടന്നിട്ടില്ല. ലീഗിന്റേത് പാർട്ടി പരമായ തീരുമാനം -മോൻസ് ജോസഫ്,
കേരള കോൺ. - ജോസഫ്
'കരുവന്നൂർ അടക്കം സഹകരണ മേഖലയിൽ നടന്ന തീവെട്ടിക്കൊള്ളയ്ക്ക് ലീഗ് ഉത്തരവാദിത്വം വഹിക്കണമോ എന്ന് അവർ ആത്മപരിശോധന നടത്തണം.'
-ഷിബു ബേബി ജോൺ,
ആർ.എസ്.പി
'ഭരണസമിതി അംഗത്വം ലീഗിന്റെ ആഭ്യന്തര വിഷയമാണ്. സ ഇത് യു.ഡി.എഫ് ചർച്ച ചെയ്യേണ്ടി വരും .'
-അനൂപ് ജേക്കബ്ബ്
കേരള കോൺ. ജേക്കബ്