വെയിറ്റിംഗ് ലിസ്‌റ്റ് ദുരിതം അധികം വൈകാതെ അവസാനിക്കും, റെയിൽ ബോർഡ് അനുമതി; കേരളത്തിന് കൂടുതൽ പ്രാധാന്യം
തിരുവനന്തപുരം: യാത്രക്കാർക്കെല്ലാം കൺഫേം ടിക്കറ്റ് നൽകാൻ കഴിയുന്ന വിധത്തിൽ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം. തിരക്കേറിയ റൂട്ടുകൾ പരിഗണിക്കുന്നതിനാൽ ആദ്യഘട്ടത്തിൽത്തന്ന കേരളത്തിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ വഴിയൊരുങ്ങും. മൂന്നു വർഷത്തിനുള്ളിൽ ആദ്യഘട്ടം നടപ്പാക്കും. 2030 ഓടെ രാജ്യത്തെ മുഴുവൻ സർവീസുകളും ഈ നിലയിലേക്ക് കൊണ്ടുവരും.
പാതകളുടെ എണ്ണം കൂട്ടിയും ട്രെയിനുകളുടെ വേഗം കൂട്ടിയും പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ചെന്നൈയിലേക്കാണ് യാത്രക്കാർ കൂടുതൽ. അതുകഴിഞ്ഞാൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ്. തിരിച്ചും അങ്ങനെതന്നെ. ബുക്ക് ചെയ്യുന്ന അമ്പതുശതമാനത്തിലേറെ വെയിറ്റിംഗ് ലിസ്റ്റിലാവുന്ന റൂട്ടുകളാണിവ. അതിഥി തൊഴിലാളികൾ യാത്ര ചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിലും ഇതാണ് അവസ്ഥ. അതീവ തിരക്കുള്ള ഹൈ കോറിഡോർ റൂട്ടുകളുടെ പട്ടികയിലാണ് ഇവയെല്ലാം. രാജ്യത്തെ റെയിൽപ്പാതകളിൽ 75 ശതമാനവും ഹൈ കോറിഡോറായാണ് റെയിൽവേ വിലയിരുത്തുന്നത്. ശേഷിക്കുന്ന 25 ശതമാനം റൂട്ടുകളിൽ മാത്രമാണ് ബുക്കു ചെയ്യുന്ന എല്ലാവർക്കും കൺഫേം ടിക്കറ്റ് നൽകാൻ കഴിയുന്നത്.
ദീപാവലി അടക്കമുള്ള ഉത്സവ സീസണുകളിലും മറ്റും തിക്കിലും തിരക്കിലും യാത്രക്കാർ മരിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് സമഗ്ര പദ്ധതിക്ക് നീക്കം നടത്തുന്നത്.
പത്ത് ട്രെയിനുണ്ടായിട്ടും ചെന്നൈയിലേക്ക് തിരക്ക്
# കേരളത്തിൽ നിന്ന് ചെന്നൈയിലേക്കും അതുവഴിയും സർവീസ് നടത്തുന്നത് പത്ത് ട്രെയിനുകൾ.ബുക്കു ചെയ്താലും 50%പേരും വെയിറ്റിംഗ് ലിസ്റ്റിൽ
#മലബാറിലേക്കും അതുവഴി കടന്നുപോകുന്നതും 11 ട്രെയിനുകൾ.വെയിറ്റിംഗ് ലിസ്റ്റ് പല സന്ദർഭങ്ങളിലും 50%.വന്ദേഭാരതിലും ഇതേ അവസ്ഥ.
കേരളത്തിൽ കൂടുതൽ ട്രാക്കും കൂടുതൽ ട്രെയിനുകളും വേണ്ടിവരും.
#പദ്ധതിയിൽ വന്ദേഭാരത്, പുഷ് പുൾ ട്രെയിനുകളുടെ എണ്ണം 35% വർദ്ധിപ്പിക്കും ഹൈ ഡിമാൻഡ് കോറിഡോറുകളിൽ ശരാശരി വേഗംകൂട്ടി കൂടുതൽ ട്രെയിനുകൾ ഓടിക്കും. വേഗമേറിയ പുഷ്പുൾ ട്രെയിനുകളും വന്ദേഭാരതും കൂടുതൽ നിർമ്മിക്കും.
രാജ്യത്തെ യാത്രക്കാർ:
( പ്രതിവർഷം)
2023: 945.66കോടി
*2031: 1221.35കോടി
*2041: 1547.02 കോടി
നിലവിലെ ട്രെയിനുകൾ: 10,748
ലോക്കോ എൻജിൻ:12630