മുഖ്യമന്ത്രിയുടെ 180 ഡിഗ്രി കറങ്ങുന്ന കസേര എത്തിച്ചത് ചൈനയിൽ നിന്ന്; ബസിൽ ലിഫ്റ്റും, വേറെയുമുണ്ട് നിരവധി പ്രത്യേകതകൾ

Saturday 18 November 2023 10:55 AM IST

തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന നവകേരള സദസിനുള്ള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. കറുപ്പ് നിറത്തിൽ ഗോൾഡൻ വരകളോടു കൂടിയ ഡിസൈനാണ് ഒരു കോടിയിലധികം വില വരുന്ന ബസിന് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് പ്രത്യേക മുറി നൽകുന്ന കാര്യം ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി. പകരം 180 ഡിഗ്രി കറങ്ങുന്ന കസേര ഒരുക്കി. ചൈനയിൽ നിന്നാണ് ഈ കറങ്ങുന്ന കസേര എത്തിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഓർഡർ ചെയ്ത് ഒന്നരമാസങ്ങൾക്ക് ശേഷമാണ് കസേര എത്തിയത്.

ഓരോ മന്ത്രിമാർക്കും പ്രത്യേക സീറ്റുകളും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവറുടെ അടുത്ത് ജനങ്ങളെ അഭിമുഖീകരിക്കാൻ പ്രത്യേക ഏരിയ തുടങ്ങിയവ ബസിൽ ഉണ്ടെന്നാണ് വിവരം.

ലിഫ്റ്റാണ് ബസിന്റെ മറ്റൊരു ആകർഷണം. മന്ത്രിമാർ ബസിന്റെ പടികൾ കയറേണ്ട. വാതിലിൽ എത്തിയാൽ ഓട്ടോമാറ്റിക് ലിഫ്റ്റ് മന്ത്രിമാരെ ബസിലെത്തിക്കും. ആളെ കയറ്റിയ ശേഷം ഇതുവീണ്ടും മടങ്ങി ബസിനുള്ളിലേക്ക് മാറും. സംസ്ഥാനത്ത് ഈ രീതി ആദ്യമായിട്ടാണ് പരീക്ഷിക്കുന്നത്.

ബസിന് പുറത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ബസ് വാങ്ങുന്നതിനുള്ള ഒരു കോടി അഞ്ചു ലക്ഷം രൂപ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചിരുന്നു. യാത്രയ്ക്ക് ശേഷം ബസ് കെ എസ് ആർ ടി സിക്ക് കൈമാറാനാണ് പദ്ധതി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ ഒരു വാഹനത്തിൽ ജനമദ്ധ്യത്തിലിറങ്ങുകയും, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കാതോർക്കുകയും ചെയ്യുന്നതാണ് നവകേരള സദസ്. ഉദ്യോഗസ്ഥ വൃന്ദവും ജന പ്രതിനിധികളും ഒപ്പമുണ്ടാകും.ഒരു സംസ്ഥാന സർക്കാരിന്റെ ഇത്തരമൊരു ജന സമ്പർക്ക പരിപാടി രാജ്യത്ത് ഇതാദ്യമാണ്.

മുഖ്യമന്ത്രിയോടും മന്ത്രിമാരോടും പരാതികൾ പറയാം.ഉദ്യോഗസ്ഥർ പരാതികൾ കൈപ്പറ്റും.20 മുതൽ 45 ദിവസത്തിനകം പരിഹാരം.പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് 140 നിയമസഭാ മണ്ഡലങ്ങളും ചുറ്റി മന്ത്രിസഭയുടെ ഒന്നര മാസത്തെ പര്യടനം. ഇന്ന് മഞ്ചേശ്വരത്ത് തുടങ്ങുന്ന നവ കേരള സദസ് ഡിസംബർ 24ന് തലസ്ഥാനത്താണ് സമാപിക്കുന്നത്.