ആഡംബര യാത്ര സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടി; താരതമ്യം ചെയ്യുക ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന ഉമ്മൻചാണ്ടിയുമായിട്ട്
തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര യാത്രയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കറങ്ങുന്ന കസേരയിൽ രാജാവിനെപ്പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ ആളുകൾ തൊഴുത് വണങ്ങി നിൽക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിച്ച ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുമായിട്ടായിരിക്കും കറങ്ങുന്ന കസേരയിൽ യാത്ര ചെയ്യുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും താരതമ്യം ചെയ്യുക. ജനസമ്പർക്ക പരിപാടി വില്ലേജ് ഓഫീസറുടെ പണിയാണെന്ന് ആക്ഷേപിച്ച സി പി എമ്മും പിണറായി വിജയനും മനുഷ്യ സ്‌നേഹിയായിരുന്ന ഉമ്മൻചാണ്ടിയോട് പരസ്യമായി മാപ്പ് പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാത്ത സർക്കാർ നവകേരള സദസിൽ എന്ത് ജനകീയ പ്രശ്നങ്ങളാണ് പരിഗണിക്കുകയെന്നും വി ഡി സതീശൻ ചോദിച്ചു. അമ്പത്തിരണ്ട് ലക്ഷം പേർക്ക് നാല് മാസമായി പെൻഷൻ കിട്ടിയിട്ട്. മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ അവർ കഷ്ടപ്പെടുകയാണ്. ഇവരുടെയൊക്കെ പ്രശ്നങ്ങൾ എന്ന് പരിഹരിക്കും.