ജപ്തി ഭീഷണിയിലായ വീട്ടമ്മയുടെ വായ്പ അടച്ചത് ബാങ്ക് സെക്രട്ടറി

Sunday 19 November 2023 1:02 AM IST

ചവറ: സഹകരണ ബാങ്കി​ൽ നി​ന്നെടുത്ത വായ്പയുടെ തി​രി​ച്ചടവ് മുടങ്ങി​യതോടെ ജപ്തി​ ഭീഷണി​യി​ലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി​ ബാങ്ക് സെക്രട്ടറി​. കോൺഗ്രസ് ഭരിക്കുന്ന ചവറ 147-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത പന്മന ചിറ്റൂർ സ്വദേശി മഹേശ്വരിയുടെ വായ്പത്തുകയായ 35,000 രൂപ സെക്രട്ടറി​ കെ.ആർ. സുരേഷ് കുമാർ തന്റെ പി​.എഫ് അക്കൗണ്ടി​ൽ നി​ന്ന് ലോൺ​ എടുത്ത് അടയ്ക്കുകയായി​രുന്നു.

വി​ധവയും ക്യാൻസർ ബാധി​തയുമായ മഹേശ്വരി​ എട്ടു വർഷം മുമ്പാണ് വായ്പയെടുത്തത്. ഏക മകൻ മാനസി​ക വെല്ലുവിളി നേരിടുകയാണ്. പലി​ശയും പി​ഴപ്പലി​ശയും അടക്കം വായ്പത്തുക 75,000 രൂപയി​ലെത്തി​യതോട‌െ ജപ്തി​ നടപടി​കളി​ലേക്കു കടക്കേണ്ട സാഹചര്യമായി​. കുടുംബത്തിന്റെ ദൈന്യാവസ്ഥ സുരേഷ് കുമാർ സഹകരണ വകുപ്പിൽ അറിയിച്ചു. സഹകരണ വകുപ്പിന്റെ അനുമതിയോടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പത്തുകയായ 35,000 രൂപ സുരേഷ് കുമാർ അടയ്ക്കുകയായി​രുന്നു. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ടൈറ്റാനിയം ജംഗ്ഷന് സമീപം നടത്തിയ സഹകാരി സംഗമത്തിൽ ബാങ്ക് പ്രസിഡന്റ് കോലത്ത് വേണുഗോപാൽ മഹേശ്വരിക്ക് വസ്തുവി​ന്റെ ആധാരം തിരികെ നൽകി