ആലുവയിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

Sunday 19 November 2023 3:34 PM IST

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.

ദീർഘനാളുകളായി അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അലുവ സിറ്റിംഗ് എം എൽ എ അൻവർ സാദത്തിനോടായിരുന്നു ഷെൽന മത്സരിച്ചത്. 54,817 വോട്ടുകൾ നേടി. അൻവർ സാദത്ത് 73,703 വോട്ടായിരുന്നു നേടിയത്.

ഷെൽന നിഷാദ് ആർക്കിടെക്കായിരുന്നു. ഭർത്താവ് നിഷാദ് അലി. ദീർഘകാലം ആലുവ എം എൽ എയായിരുന്ന കെ മുഹമ്മദാലിയുടെ മകനാണ് നിഷാദ്. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ആലുവ ടൗൺ ജുമാ മസ്ജിദിൽ നടക്കും. ഷെൽനയുടെ മരണത്തിൽ അൻവർ സാദത്ത് എം എൽ എ അനുശോചിച്ചു.