സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ പഴകിയ ചിക്കൻ, കരിച്ച മണം; പരാതിപ്പെട്ടപ്പോൾ വിചിത്ര മറുപടിയെന്ന് ശ്രീജിത്ത് പെരുമന 

Sunday 19 November 2023 10:08 PM IST

കൊച്ചി: ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ വഴി ഒരു ഹോട്ടലിൽ നിന്നും ഓർഡർ ചെയ്ത ഭക്ഷണം പഴകിയതാണെന്ന ആരോപണവുമായി അഡ്വ ശ്രീജിത്ത് പെരുമന രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്. പഴകിയ ഭക്ഷണത്തെ കുറിച്ച് സൊമാറ്റോയിൽ പരാതിപ്പെട്ടപ്പോൾ തനിക്ക് ലഭിച്ച വിചിത്ര മറുപടിയെ കുറിച്ചും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കൊച്ചിയിലെ ഒരു ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഈ സംഭവവും. ഹോട്ടലിൽ നിന്നും തനിക്ക് ലഭിച്ച ഭക്ഷണം പരിശോധനയ്ക്ക് അയക്കുകയാണെന്നും ആശുപത്രിയിൽ ആരോഗ്യ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഹോട്ടലിൽ നിന്നും മേടിച്ച പൊതിച്ചോർ ആവറേജിലും താഴെയാണ് എന്ന് മാത്രമല്ല, ചിക്കൻ 65 ലെ ചിക്കൻ പഴയതും, വീണ്ടും ഫ്രൈ ചെയ്ത് കരിച്ച് മണം വമിക്കുന്നതുമായിരുന്നു. സൊമറ്റോയെ വിളിച്ച് പരാതി നൽകി. ഭക്ഷണത്തിന്റെ വീഡിയോയും ഫോട്ടോകളും നൽകി. എന്നാൽ ഗൂഗിളിൽ പോയി റിവ്യൂ എഴുതനായിരുന്നു വിചിത്രമായ മറുപടി'- ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീജിത്ത് പെരുമയുടെ വാക്കുകളിലേക്ക്...

ക്രിക്കറ്റ് ഫൈനൽ കണ്ടുകൊണ്ടിരിക്കുന്നതിനാൽ പുറത്ത് കഴിക്കാൻ പോകാൻ പറ്റിയില്ല. ഭക്ഷണം zomato ആപ്പിലൂടെ Tharavad Eatery "തറവാട് ഈറ്ററി " കല്ലൂർ എന്ന ഹോട്ടലിൽ നിന്നാണ് ബുക്ക് ചെയ്തത്. പൊതിച്ചോറും, ചിക്കൻ 65ഉം, ഞാൻ മറ്റൊരു ഹോട്ടലിൽ നിന്നും കഞ്ഞി ഓർഡർ ചെയ്തത് കൊണ്ട് പൊതിച്ചോർ സുഹൃത്താണ് കഴിച്ചത്.

തറവാട് ഈറ്ററി ഹോട്ടലിൽ നിന്നും മേടിച്ച പൊതിച്ചോർ ആവറേജിലും താഴെയാണ് എന്ന് മാത്രമല്ല, ചിക്കൻ 65 ലെ ചിക്കൻ പഴയതും, വീണ്ടും ഫ്രൈ ചെയ്ത് കരിച്ച് മണം വമിക്കുന്നതുമായിരുന്നു.

സോമറ്റോയെ വിളിച്ച് പരാതി നൽകി. ഭക്ഷണത്തിന്റെ വീഡിയോയും ഫോട്ടോകളും നൽകി. എന്നാൽ ഗൂഗിളിൽ പോയി റിവ്യൂ എഴുതനായിരുന്നു വിചിത്രമായ മറുപടി.

അതിനിടയിൽ ഹോട്ടലുമായി ബന്ധപ്പെടാൻ ലഭ്യമായ എല്ലാ നമ്പറുകളിൽ നിന്നും ശ്രമിച്ചു. ആരും ഫോൺ എടുത്തില്ല. തുടർന്നാണ് സോമട്ടോയോട് ശക്തമായ ഭാഷയിൽ പറഞ്ഞത്.

അല്പം മുൻപ് zomato മെയിൽ ലഭിച്ചു.

തെറ്റ് പറ്റിയതിൽ ക്ഷമിക്കണം എന്നും, 50 രൂപ ഈ ഹോട്ടലിൽ നിന്നും അടുത്ത ഓർഡറിൽ ഡിസ്‌കൗണ്ട് തരുമെന്നും ദയവുചെയ്ത് തറവാട് ഹോട്ടലിനെ കുറിച്ചുള്ള റിവ്യൂ ഡിലീറ്റ് ചെയ്യണം എഞ്ഞുമായിരുന്നു അഭ്യർത്ഥന.

അതായത് എന്റെ നഷ്ടത്തിനും അപമാനത്തിനുമൊക്കെ തറവാട് ഹോട്ടൽ മുതലാളിയുടെ അമ്പത് രൂപ 50 Rs. നഷ്ട്ട പരിഹാരം. കൂടാതെ റിവ്യൂ ഡിലീറ്റും ചെയ്യണം.

എന്തായാലും കാര്യങ്ങൾ ഇത്രയൊക്കെ ആയില്ലേ. ഭക്ഷണം പരിശോധനക്ക് അയക്കുകയാണ്. ആശുപത്രിയിൽ ആരോഗ്യ പരിശോധനയും നടത്തുന്നുണ്ട്. ഒരു കസ്റ്റമറുടെ അന്തസ്സിനും അഭിമാനത്തിനും അതിലുപരി ആരോഗ്യത്തിനും നക്കാപിച്ച വിലയിടുന്ന #zomato യും, #TharavadEatery യും ഒന്ന് കരുതിയിരുന്നോ..

Advertisement
Advertisement