കപ്പേ, മടങ്ങുക, ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസീസ് ഏകദിന ലോക ചാമ്പ്യന്മാർ

Monday 20 November 2023 4:27 AM IST

6 വിക്കറ്റിന് ആറാം കപ്പ്

അഹമ്മദാബാദ്: പ്രാർത്ഥനകളിൽ മുഴുകിയ 140 കോടി ജനങ്ങളുടെ അധരങ്ങൾ നിശബ്ദമായി . ഹൃദയങ്ങൾ തകർന്നു. കണ്ണീരിൽ കുതിർന്ന മുഖവുമായി ഇന്ത്യൻ താരങ്ങൾ ചരിത്രപ്പിറവിക്ക് കാവലാളാകാതെ മടങ്ങി. തങ്ങളുടെ ആറാം ഏകദിന ക്രിക്കറ്റ് ലോകകപ്പുമായി ഓസ്ട്രേലിയക്കാർ വിജയഭേരി മുഴക്കി .

തുടർച്ചയായി 10 മത്സരങ്ങളിൽ സർവാധിപത്യം പുലർത്തിയ രോഹിത് ശർമ്മയും സംഘവും ഇന്നലെ ആറുവിക്കറ്റിന്ഫൈനലിൽ മുട്ടുകുത്തി.

ആദ്യം ബാറ്റ് ചെയ്ത് 240 റൺസിന് ആൾ ഒൗട്ടായ ഇന്ത്യയ്ക്കെതിരെ43 ഒാവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു ഒാസ്ട്രേലിയക്കാർ. കംഗാരുക്കളുടെ ആദ്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഷമിയും ബുംറയും നൽകിയ തുടക്കം മുതലാക്കാനാകാതെയാണ് ഇന്ത്യ മത്സരം കൈവിട്ടുകളഞ്ഞത്. ബാറ്റിംഗിലും ഫീൽഡിംഗിലും ഒന്നുപോലെ തിളങ്ങിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശിൽപ്പി.120 പന്തുകളിൽ 15 ഫോറുകളും നാലുസിക്സുകളുമടക്കം 137 റൺസാണ് ഹെഡ് നേടിയത്.

തോൽവിയിലേക്കുള്ള പാത

1. ടോസ് നഷ്ടം

അഹമ്മദാബാദിലെ പിച്ചിൽ ടോസ് നേടിയത് ഒാസ്ട്രേലിയയാണ്. അവർ ബൗളിംഗ് തിരഞ്ഞെടുത്തു. ടോസ് കിട്ടിയാലും ബാറ്റിംഗ് തിരഞ്ഞെടുത്തേനെ എന്ന് രോഹിത് പറഞ്ഞെങ്കിലും ഇൗ പിച്ചിൽ ചേസിംഗാണ് താരതമ്യേന എളുപ്പമെന്ന ഒാസീസ് തീരുമാനമാണ് വിജയം കണ്ടത്.

2. നിലയുറപ്പിക്കാതെ ഗില്ലും ശ്രേയസും

രോഹിത്, വിരാട്, രാഹുൽ എന്നിവർ പൊരുതിയെങ്കിലും ഇന്ത്യയ്ക്ക് തിരിച്ചടിയായത് ശുഭ്‌മാൻ ഗില്ലിന്റെയും രോഹിത് മടങ്ങിയ ശേഷമുള്ള ശ്രേയസ് അയ്യരുടെയും പുറത്താകലുകളാണ്. ഇവർ ഒൗട്ടായതോടെ വിക്കറ്റ് കളയാതെ സൂക്ഷിച്ച് കളിക്കേണ്ടിവന്നു.

3. ഒാസ്ട്രേലിയൻ ഫീൽഡിംഗ്

ഒാസ്ട്രേലിയ ഒരുക്കിയ ഫീൽഡിംഗ് വിന്യാസത്തിനിടയിലൂടെ ബൗണ്ടറികൾ കണ്ടെത്താൻ ഇന്ത്യൻ താരങ്ങൾ നന്നേ ബുദ്ധിമുട്ടി.

4. മാനസികമായ ആധിപത്യം

മത്സരത്തിന്റെ തുടക്കം മുതൽ ചാമ്പ്യൻമാരുടെ ശരീര ഭാഷയോടെയാണ് ഒാസീസ് താരങ്ങൾ കളിച്ചത്. മാനസികമായ ആധിപത്യം നേടി ഇന്ത്യക്കാരെ പ്രതിരോധത്തിലാക്കുന്നതിൽ ഒാസീസ് വിജയിച്ചു.

5. സ്പിന്നർമാർ കെെവിട്ടു

പേസർമാർ മൂന്ന് ഓസീസ് മുൻനിര വിക്കറ്റുകൾ നേടിയശേഷം സ്പിന്നർമാർക്ക് ട്രാവിസ് ഹെഡിനെയും ലാബുഷേയ്നിനെയും നിയന്ത്രിക്കാൻ കഴിയാതെ വന്നതാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായത്.

HEADACHE

തലവര തിരുത്തിയ ഹെഡ്

ഫൈനലിൽ ഇന്ത്യയുടെ തലവര തിരുത്തിയെഴുതിയത് ഓസ്ട്രേലിയൻ ആൾറൗണ്ടർ ട്രാവിസ് ഹെഡാണ്. ആദ്യം രോഹിതിനെ പുറത്താക്കാൻ പിന്നോട്ടോടിയെടുത്ത ക്യാച്ച്. പിന്നെ രണ്ടോവറിൽ നാലുറൺസ് മാത്രം വഴങ്ങിയ ബൗളിംഗ്.ഒടുവിൽ 47/3 എന്ന നിലയിൽ നിന്ന് ടീമിനെ കരകയറ്റിയ ഇന്നിംഗ്സ്. ഫൈനലിലെ മാൻ ഒഫ് ദ മാച്ചായതും ഹെഡ് തന്നെ.

6

ഇത് ആറാം വട്ടമാണ് ഓസീസ് ലോകകപ്പുയർത്തുന്നത്. 1987,1999,2003,2007,2015 വർഷങ്ങളിലാണ് ഓസീസ് ഇതിനുമുമ്പ് കപ്പുയർത്തിയത്.

2

ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോൽക്കുന്നത്. 2003 ൽ ആയിരുന്നു ആദ്യം