ടാൻസാനിയയും കെനിയയും സന്ദർശിക്കാൻ വി. മുരളീധരൻ
ന്യൂഡൽഹി: ടാൻസാനിയയിലും റിപ്പബ്ലിക് ഒഫ് കെനിയയിലും ഔദ്യോഗിക സന്ദർശനം നടത്താൻ കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ. ഇന്നു മുതൽ 23 വരെയുള്ള സന്ദർശനത്തിൽ മുപ്പതംഗ ബിസിനസ് പ്രതിനിധി സംഘം കേന്ദ്രമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ടാൻസാനിയൻ ദ്വീപസമൂഹമായ സാൻസിബാറിൽ പ്രസിഡന്റ് ഹുസൈൻ അലി മ്വിനിയുമായി കൂടിക്കാഴ്ച നടത്തുന്ന വി.മുരളീധരൻ, അവിടെ സ്ഥാപിതമായ ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസ് സന്ദർശിക്കും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിംഗിൽ പങ്കെടുക്കും. ദാർ-എസ്-സലാമിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും.കെനിയൻ ഭരണ നേതൃത്വവുമായി ചർച്ച നടത്തുന്ന കേന്ദ്രമന്ത്രി, നെയ്‌റോബി സർവകലാശാല സന്ദർശിക്കുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും. ഒന്നാം ലോകമഹായുദ്ധകാലത്ത് കിഴക്കൻ ആഫ്രിക്കയിലുണ്ടായിരുന്ന ഇന്ത്യൻ സൈനികരുടെ പങ്കിനെക്കുറിച്ചുള്ള പ്രദർശനവും ഉദ്ഘാടനം ചെയ്യും.