വ്യാജ പീഡന പരാതി: പിതാവിനെ വെറുതെവിട്ട് കോടതി
ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ ഒന്നരവർഷം ജയിലിൽ കഴിഞ്ഞിരുന്ന പിതാവിനെ വെറുതെവിട്ട് കോടതി. മകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഭാര്യ നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. കുറ്റകൃത്യം നടന്ന തീയതി പോലും എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ലെന്നും കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതിയുടെ പരാതി ശരിവെക്കുന്ന മൊഴിയാണ് അന്ന് മകളും നൽകിയത്. പിതാവ് പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും 15കാരി പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിലെ വിചാരണക്കിടെയാണ് പരാതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ദമ്പതികൾ തമ്മിലുള്ള സ്വത്തുതർക്കമാണ് വ്യാജ പീഡനക്കേസിലേക്ക് നയിച്ചതെന്ന് വിചാരണയിൽ കണ്ടെത്തി. വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകൾ നൽകിയ സാക്ഷിമൊഴിയും കേസിൽ നിർണായക ഘടകമായിരുന്നു.