പല്ല് ഫ്രീ നൽകാൻ 'മന്ദഹാസം' പദ്ധതി

Tuesday 21 November 2023 12:48 AM IST

കൊച്ചി: വയോധികർക്ക് ഇനി വായ തുറന്ന് വിശാലമായി ചിരിക്കാം! ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ് കഴിഞ്ഞവർക്ക് കൃത്രിമ പല്ല് നല്കുന്ന 'മന്ദഹാസം" പദ്ധതി പുനരാരംഭിക്കാൻ സർക്കാർ. ഇതിനായി 70 ലക്ഷം രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചു. 2016ൽ ആരംഭിച്ച പദ്ധതി,​ കൊവിഡ് കാലത്ത് നിറുത്തലാക്കുകയായിരുന്നു.

മുമ്പ് 5,000 രൂപയായിന്നത് ഇനി 10,000 രൂപവരെ ഒരാൾക്കു ലഭിക്കും. സാമഗ്രികളുടെ വിലവർദ്ധന കണക്കിലെടുത്താണിത്. തുക ആശുപത്രിക്ക് നേരിട്ടാണ് കൈമാറും. പല്ലുകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർ,​ ഉപയോഗമില്ലാതെ നീക്കേണ്ടി വരുന്നവർ എന്നിവരാണ് ഗുണഭോക്താക്കൾ.

ഒരു ജില്ലയിൽ 50 പേ‌ർക്ക് വീതം ഈവർഷം 700 പേർക്ക് തുക അനുവദിക്കും. കൊവിഡിന് മുമ്പ് രജിസ്റ്റർ ചെയ്ത 50 പേ‌രെയും ഉൾപ്പെടുത്തും. ആറ് മാസത്തിനകം പല്ലുമാറ്രിവയ്ക്കൽ പൂർത്തിയാക്കും.

അപേക്ഷിക്കാൻ സുനീതി പോർട്ടൽ വഴി അപേക്ഷിക്കണം. ദന്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ്, ബി.പി.എൽ (പിങ്ക്, മഞ്ഞ) റേഷൻ കാർഡ് പകർപ്പ്, വയസ് തെളിയിക്കുന്ന രേഖ, അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവരെങ്കിൽ വില്ലേജ് ഓഫീസറുടെയും സ്ഥാപന മേധാവിയുടെയും സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. രേഖകൾ ജില്ലാ സാമൂഹ്യനീതി ഓഫീസറും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സർക്കാർ ദന്തഡോക്ടറും പരിശോധിച്ച് അ‌ർഹരെ കണ്ടെത്തും.

55 ആശുപത്രികളിൽ സൗകര്യം

തിരുവനന്തപുരം 5

കൊല്ലം 3

പത്തനംതിട്ട 5

ആലപ്പുഴ 5

കോട്ടയം 4

ഇടുക്കി 4

എറണാകുളം 6

തൃശ്ശൂർ 4,

പാലക്കാട് 5

മലപ്പുറം 4

കോഴിക്കോട് 3

വയനാട് 2

കണ്ണൂർ 3

കാസ‌ർകോട് 2