ശബരിമലക്കാടുകളിൽ ആകാശ നിരീക്ഷണം ആരംഭിച്ചു

Tuesday 21 November 2023 12:51 AM IST

ശബരിമല: ശബരിമലയിലെ വനമേഖലകൾ നിരീക്ഷിക്കുന്നതിനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ആകാശ നിരീക്ഷണം ആരംഭിച്ചു. തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതോടെ തമിഴ്നാട്ടിലെ തിരിട്ടു ഗ്രാമത്തിൽ നിന്നുൾപ്പടെയുള്ള മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും ഭിക്ഷാടന മാഫിയകളും ശബരിമലയിലേക്ക് കേന്ദ്രീകരിക്കാറുണ്ട്. ഇവർ പൊലീസിന്റെയും വനംവകുപ്പിന്റെയും കണ്ണുവെട്ടിച്ച് ശരണപാതകളോട് ചേർന്നുള്ള വനത്തിലാണ് തമ്പടിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ പുറത്തെത്തി തീർത്ഥാടകരെ കബളിപ്പിച്ച് വനത്തിനുള്ളിലേക്ക് മറയുന്നതാണ് ഇവരുടെ പതിവ്. ഇത്തരക്കാരെ കണ്ടെത്താനാണ് ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിൽ ഉൾക്കാടുകളിൽ കയറി ഇന്നലെ ഡ്രോൺ നിരീക്ഷണവും പരിശോധനയും നടത്തി. ജില്ലാ പൊലീസ് മേധാവി അജിത്.വിയുടെയും പമ്പ സെപ്ഷ്യൽ ഓഫീസർ കുര്യക്കോസിന്റെയും നിർദ്ദേശപ്രകാരം പമ്പ എ.എസ്.ഒ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ, പമ്പ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മഹേഷ് കുമാർ, എസ്‌.എെ ആദർശ്.ബി.എസ്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ അനിൽ ചക്രവർത്തി എന്നിവർ അടങ്ങിയ സംയുക്തസംഘമാണ് പരി​ശോധനകൾ നടത്തുന്നത്.