വില്പന മോഡിൽ വിദേശ നിക്ഷേപകർ

Tuesday 21 November 2023 12:00 AM IST

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ വില്പന സമ്മർദ്ദം ശക്തമാക്കുന്നു. ഇന്നലെ മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങൾ 9,421 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇന്നലെ 8776 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. വിപണിയിൽ നിന്നും 645 കോടി രൂപയാണ് അവർ പിൻവലിച്ചത്. അതേസമയം ആഭ്യന്തര നിക്ഷേപകർ മികച്ച വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതിനാൽ വിപണി കനത്ത തകർച്ച നേരിട്ടില്ല. കഴിഞ്ഞ മാസം മുതൽ വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നും തുടർച്ചയായി പണം പിൻവലിക്കുകയാണ്. ഡോളറിന്റെ മൂല്യവർദ്ധനയും അമേരിക്കൻ ബോണ്ടുകളിൽ നിന്നുള്ള വരുമാനം മെച്ചപ്പെട്ടതുമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണം.