അടുത്ത ലക്ഷ്യം കാൻഡിഡേറ്റ്സ് ടൂർണമെന്റ്; പ്രഗ്യാനന്ദ

Tuesday 21 November 2023 12:13 AM IST

തിരുവനന്തപുരം: അടുത്ത ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മത്സരിക്കാനുള്ള യോഗ്യതാ ടൂർണമെന്റിൽ ( കാൻഡിഡേറ്റ്സ് ടൂർണമെന്റ് )വിജയിക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് ഇന്ത്യൻ കൗമാര ചെസ് പ്രതിഭ പ്രഗ്നാനന്ദ. ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവലിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനുമായുള്ള മത്സരത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രഗ്.

ലോക ചാമ്പ്യനാകുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപനമാണെന്നും ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള പരിശീലനത്തിലാണ് താനെന്നും പ്രഗ്യാനന്ദ പറഞ്ഞു. കാനഡയിൽ നടക്കാനിരിക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിന്റെ വനിതാവിസാഗത്തിൽ പ്രഗ്ഗിന്റെ സഹോദരി ആർ.വൈശാലിയും വനിതാ വിഭാഗത്തിൽ മത്സരിക്കും.ഏഷ്യൻ ഗെയിംസ് ചെസിൽ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. സ്വർണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വെള്ളി മെഡൽ മോശമല്ലെന്നും പ്രഗ്യാനന്ദ പറഞ്ഞു.

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെതിരായ ചെസ് ഒളിമ്പ്യാഡ് നല്ല അനുഭവമായിരുന്നു. ടൈ ബ്രേക്കറുകളിൽ കാൾസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കാൾസണിൽ നിന്ന് ധാരാളം പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റിയെന്നും പ്രഗ് പറഞ്ഞു. സമ്മർദ്ദമാണ് മത്സരത്തിൽ പിഴവുകളിലേക്ക് നയിക്കുന്നത്. മാനസികമായി ശക്തി നേടുക ,പരമാവധി മത്സരങ്ങൾ കളിച്ച് അനുഭവ പരിചയമുണ്ടാക്കുക എന്നതാണ് മാനസിക സമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴിയെന്നും പ്രഗ്യാനന്ദ പറഞ്ഞു. നിഹാലുമായുള്ള മത്സരം മികച്ചതായിരുന്നെന്നും പ്രഗ്നാനന്ദ പറഞ്ഞു.