യൂത്ത് കോൺ. അദ്ധ്യക്ഷൻ -- രാഹുലിന്റെ നിയമനം പ്രഖ്യാപിച്ച് നേതൃത്വം
Tuesday 21 November 2023 2:19 AM IST
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റുമാരായി അബിൻ വർക്കി, അരിത ബാബു എന്നിവരുടെ നിയമനം ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന അഭിമുഖത്തിന് ശേഷം ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസ് മൂന്നുപേർക്കും നിയമനക്കത്ത് നൽകി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണമുയർന്ന പശ്‌ചാത്തലത്തിൽ നിയമനം അറിച്ചുള്ള പതിവ് പത്രക്കുറിപ്പ് ഒഴിവാക്കി. പകരം അവർക്ക് അയച്ച കത്താണ് യൂത്ത് കോൺഗ്രസ് പരസ്യപ്പെടുത്തിയത്. അടുത്ത മാസം ചേരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിൽ നേതാക്കൾ ചുമതല ഏറ്റെടുക്കും. കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാകും സ്ഥാനാരോഹണം.
അതിനിടെ, അബിൻ വർക്കിക്ക് ദേശീയ സെക്രട്ടറി പദവി വാഗ്ദാനം ചെയ്‌തെങ്കിലും സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താത്‌പര്യമെന്ന് അറിയിച്ചു.