കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ. രാമചന്ദ്രൻ അന്തരിച്ചു

Tuesday 21 November 2023 8:36 AM IST

കൊല്ലം: കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ നേതാവുമായ ആർ. രാമചന്ദ്രൻ (75) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ പുലർച്ചെ 3.55ന് ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാമചന്ദ്രനെ ഒരാഴ്‌ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിപിഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് എംഎൽഎ ആയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ സിആർ മഹേഷിനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും, താലൂക്ക് കമ്മിറ്റി വിഭജിച്ചപ്പോൾ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. ദീർഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. 2012 ൽ ജില്ലാ സെക്രട്ടറിയായി. അതോടൊപ്പം സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ നിയമസഭയിലേക്ക് മത്സരിക്കുന്നതുവരെ ജില്ലാ സെക്രട്ടറിയായി തുടർന്നു. എൽഡിഎഫ് ജില്ലാ കൺവീനറായും പ്രവർത്തിച്ചു. 2006-11 കാലയളവിൽ സിഡ്‌കോ ചെയർമാനായിരുന്നു. 1991ൽ ജില്ലാ കൗൺസിലിലേക്ക് പന്മന ഡിവിഷനിൽനിന്ന് വിജയിച്ചു. 2000ൽ തൊടിയൂർ ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലെത്തി. 2004ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.

രാവിലെ 11ഓടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. കൊല്ലം സിപിഐ ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടക്കും. ഭാര്യ: തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് അക്കൗണ്ടന്റായി വിരമിച്ച പ്രിയദർശിനി. മകൾ: ദീപാചന്ദ്രൻ. മരുമകൻ: അനിൽ കുമാർ.