ബില്ലുകൾ : മുഖ്യമന്ത്രി ഗവർണറെ കണ്ടിരുന്നുവെന്ന് സത്യവാങ്മൂലം

Wednesday 22 November 2023 2:36 AM IST

ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കേന്ദ്രനിയമത്തിന് എതിരായ ഒന്നും ബില്ലുകളിൽ ഇല്ലെന്ന് അറിയിച്ചിരുന്നു. ബില്ലുകൾ സംബന്ധിച്ച് മന്ത്രിമാരുടെ വിശദീകരണം കേൾക്കാൻ ഗവർണർ ആദ്യം തയ്യാറായില്ല. എങ്കിലും നിയമമന്ത്രി പി. രാജീവ് അടക്കം നിയമസഭയിൽ ബിൽ അവതരിപ്പിച്ച മൂന്ന് മന്ത്രിമാർ പലപ്പോഴായി അദ്ദേഹത്തെ സന്ദർശിച്ച് വിശദീകരണം നൽകി. പക്ഷെ തീരുമാനമെടുക്കാൻ ഗവർണർ തയ്യാറാകുന്നില്ല.

ചീഫ് സെക്രട്ടറി സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നത്. ഗവർണറുമായുള്ള 15ൽപ്പരം ആശയവിനിമയങ്ങളുടെ രേഖകളും സർക്കാർ സുപ്രീംകോടതിക്ക് കൈമാറി. ഒപ്പിടാനുള്ള ബില്ലുകളിൽ മുഖ്യമന്ത്രി നേരിട്ടു വന്ന് വിശദീകരിക്കണമെന്ന് ആ​രി​ഫ് ​മു​ഹ​മ്മദ് ​ഖാ​ൻ കടുത്ത നിലപാട് സ്വീകരിച്ചിരിക്കെയാണ് കോടതിയിൽ അതിനെ നേരിടാൻ സർക്കാർ നീക്കം.

 പേഴ്സണൽ സ്റ്റാഫിന് വിലക്കെന്ന്

രാജ്ഭവനിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വിലക്കാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മന്ത്രിമാർക്കൊപ്പം വകുപ്പ് സെക്രട്ടറിമാർ വന്നാൽ മതിയെന്നാണ് നിലപാട്. ബില്ലിൽ വിശദീകരണത്തിനായി മന്ത്രി ചിഞ്ചു റാണി പ്രൈവറ്റ് സെക്രട്ടറിയുമായി എത്തിയതിൽ ഗവർണർ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

 ഗവർണർക്കും പറയാനുണ്ട്

മന്ത്രിമാരുടെ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ചതിന് ഗവർണർക്ക് ന്യായമുണ്ട്. അനുമതി ചോദിച്ചത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ്. കൂടിക്കാഴ്ച്ചയുടെ ഉദ്ദേശ്യം അറിയിച്ചില്ല. വ്യക്തത ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ലെന്നാണ് ഗവർണർ മുഖ്യമന്ത്രിക്ക് ഫെബ്രുവരിയിൽ അയച്ച കത്തിൽ പറയുന്നത്.