പ്രവാസികൾക്ക് ഇനി ഇതനുസരിച്ച് നാട്ടിലേക്കുളള വരവിനായി ഒരുങ്ങാം, യുഎഇയിലെ അടുത്ത വർഷത്തെ പൊതു അവധികൾ ഇങ്ങനെയാണ്

Wednesday 22 November 2023 10:20 AM IST

അബുദാബി: യുഎഇയിൽ അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരു പോലെ ബാധകമായ അവധി ദിവസങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. 2024ൽ യുഎഇ നിവാസികൾക്ക് 13 പൊതു അവധികളാണ് ഉളളത്.

ജീവനക്കാർക്ക് ഒരു വർഷത്തിൽ എടുക്കാവുന്ന 30 അവധികൾക്ക് പുറമേയാണ് ഈ അവധികൾ. പൊതു അവധികളുളള ഏഴ് ദിവസത്തിൽ നാലെണ്ണം വാരാന്ത്യത്തിലായിരിക്കും. കൂടാതെ ഏ​റ്റവും ദൈഘ്യമേറിയത് ആറ് ദിവസത്തെ ഇടവേളയാണ്. ഇസ്ലാമിക് കലണ്ടർ അനുസരിച്ചാണ് പൊതു അവധികളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഇത് ജനങ്ങൾക്ക് അടുത്ത വർഷത്തെ പല കാര്യങ്ങളും ചെയ്യുന്നതിന് സഹായമാകുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റി ഡിപാർട്ട്മെന്റ് (ഐഎസിഎഡി) അധികൃതർ അറിയിച്ചു. അടുത്ത വർഷത്തെ പൊതുഅവധികൾ താഴെ പറയുന്നത് അനുസരിച്ച്.

  • 2024ജനുവരി ഒന്ന് (തിങ്കൾ) പുതുവത്സര ദിനത്തോടനുബന്ധിച്ച് പൊതു അവധിയായിരിക്കും.
  • ഹിജ്റാ കലണ്ടറിലെ റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധിയുണ്ടാകും.
  • ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ ഹജ്ജ് 10 മുതൽ 12 വരെ ബലി പെരുന്നാളിന് അവധി ലഭിക്കും.
  • മുഹറം ഒന്നിന് പൊതുഅവധിയാണ്.
  • റബീഉൽ അവ്വൽ 12ന് നബിദിനത്തോടനുബന്ധിച്ച് പൊതുഅവധിയായിരിക്കും,
  • ഡിസംബർ രണ്ടിന് യുഎഇദേശീയ ദിനത്തിനും അവധി ലഭിക്കും. ഹിജ്‌റ മാസം അടിസ്ഥാനമാക്കുന്ന അവധിദിനങ്ങൾ മാസപ്പിറവി അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.