കേരള എൻജിനിയറിംഗ് എൻട്രൻസ് ഓൺലൈനാവുന്നു,​ അടുത്ത വർഷം മുതൽ നടപ്പാകും,​ പല ദിവസങ്ങളിലായി പരീക്ഷ

Thursday 23 November 2023 4:38 AM IST

തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശനപരീക്ഷ അടുത്തവർഷം മുതൽ ഓൺലൈനാകും. മന്ത്രിസഭായോഗം വൈകാതെ അനുമതി നൽകും. പരീക്ഷ നടത്താൻ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള കമ്പനികളിൽ നിന്ന് ഉടൻ ടെൻഡർ വിളിക്കും. മൂന്ന് കമ്പനികൾ താത്പര്യമറിയിച്ചു.

നിലവിൽ എൻട്രൻസ് കമ്മിഷണർ നടത്തുന്ന ഇതൊഴികെയുള്ള പ്രവേശന പരീക്ഷകൾ ഓൺലൈനാണ്. ഫിസിക്സ്-കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ രണ്ട് പേപ്പറുകളായാണ് നിലവിൽ പരീക്ഷ. ഇത് മൂന്നുമണിക്കൂർ ദൈർഘ്യമുള്ള (300 മാർക്കിന്റെ ചോദ്യങ്ങൾ) ഒ​റ്റപേപ്പറായി നടത്താനാണ് എൻട്രൻസ് കമ്മിഷണറുടെ ശുപാർശ. അഖിലേന്ത്യ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷയുടെ മാതൃകയിലാണിത്.

ഒന്നരലക്ഷത്തോളംപേർ എഴുതുന്ന പരീക്ഷ ഒറ്റഘട്ടമായി നടത്താനുള്ള കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങളില്ല. 15,000 കുട്ടികൾക്ക് വീതം പല ദിവസങ്ങളിലായി നടത്തും. ജനുവരിയിലും മേയിലുമായി രണ്ട് പരീക്ഷകൾ നടത്തും. ഇതിൽ ഉയർന്ന സ്‌കോർ റാങ്കിന് പരിഗണിക്കാനും അഖിലേന്ത്യാ പരീക്ഷകളിലെപ്പോലെ പെർസെന്റയിൽ സ്‌കോർ രീതി സ്വീകരിക്കാനും ശുപാർശയുണ്ട്.

നിലവിൽ എൽ.എൽ.ബി, പി.ജി നഴ്സിംഗ്, എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റടക്കം 5 പരീക്ഷകൾ ഓൺലൈനായി നടത്തുന്നുണ്ട്. മെഡിക്കൽ പ്രവേശനത്തിന് ദേശീയതലത്തിലെ നീറ്റ് പരീക്ഷ.

ഫലം ഒരാഴ്ചയ്ക്കകം,​ ചെലവും കുറയും

ഓൺലൈനാക്കിയാൽ പിറ്റേന്നുതന്നെ ഉത്തരസൂചികയും ഒരാഴ്ചയ്ക്കകം സ്കോറും പ്രസിദ്ധീകരിക്കാം. റാങ്ക്‌ലിസ്റ്റ് വേഗത്തിലാവുന്നതോടെ പ്രവേശനവും നേരത്തെയാക്കാം. ഒ.എം.ആർ ഉത്തരക്കടലാസ്, ചോദ്യപേപ്പർ പ്രിന്റിംഗ് ഉൾപ്പെടെ ചെലവ് കുറയും.

അതേസമയം, ഇടുക്കി, വയനാട് പോലുള്ള ജില്ലകളിലെ എല്ലാ സെന്ററുകളിലും കമ്പ്യൂട്ടർ, ഇന്റർനൈറ്റ്, വൈദ്യുതി ഉറപ്പാക്കൽ വെല്ലുവിളിയാകും.

പരീക്ഷാ രീതി

പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ സജ്ജീകരിക്കും

ഇവയിലേക്ക് ചോദ്യങ്ങൾ കൈമാറുന്നതിന് പരീക്ഷകേന്ദ്രങ്ങളിൽ രണ്ട് ലാപ്ടോപ്പുകൾ

കുട്ടികൾ ശരിയുത്തരത്തിനു നേർക്ക് ക്ലിക്ക് ചെയ്യണം

സേവ് ചെയ്യുന്നതോടെ ഉത്തരങ്ങൾ സെർവറിൽ രേഖപ്പെടുത്തും

ഫാർമസിയിൽ

അനിശ്ചിതത്വം

നിലവിൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കൊപ്പമാണ് ഫാർമസി പരീക്ഷയും. എൻജിനിയറിംഗ് പരീക്ഷയുടെ ആദ്യപേപ്പറായ ഫിസിക്സ്- കെമിസ്ട്രിയാണ് ഇതിനും. ഓൺലൈനിൽ മാത്തമാറ്റിക്സ് കൂടി ചേർത്ത് ഒറ്റപേപ്പറാവുന്നതോടെ ബിഫാമിന് പ്രത്യേക പരീക്ഷ നടത്തേണ്ടിവരും. അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒഴികെയുള്ള ചോദ്യങ്ങൾ മാത്രം പരിഗണിക്കേണ്ടിവരും.

100

ഓൺലൈൻ പരീക്ഷ സെന്ററുകൾ

'' ഓൺലൈൻ പരീക്ഷാനടത്തിപ്പ് കുറ്റമറ്റ രീതിയിലായിരിക്കും.

-മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസ്