ശബരിമലയിലേക്ക് 'റോബിൻ മോഡൽ' സ്വകാര്യ ബസുകൾ
തിരുവനന്തപുരം: പത്തനംതിട്ടയിലെ റോബിൻ ബസിന്റെ മാതൃകയിൽ ഓൾ ഇന്ത്യ പെർമിറ്റ് നേടി ശബരിമലയിലേക്ക് ബോർഡ് വച്ച് സ്റ്റോപ്പുകളിൽ നിറുത്തി സർവീസ് നടത്താനൊരുങ്ങി സ്വകാര്യ ബസുകൾ. സർവീസ് ഉടൻ തുടങ്ങുമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ അറിയിപ്പുമെത്തി.
എന്നാൽ, ഇത് നിയമവിരുദ്ധമാണെന്നും ഇവയെ കോൺട്രാക്ട് ക്യാരേജ് ബസുകളുടെ ഗണത്തിൽപെടുത്തി നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ്. സ്റ്റേജ് ക്യാരേജ് (റൂട്ട് സർവീസ്) ബസുകൾക്ക് മാത്രമേ ഇത്തരത്തിൽ സർവീസ് നടത്താനാകൂ. ഇതടക്കമാണ് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിനെതിരെ പിഴചുമത്തിയത്. കെ.എസ്.ആർ.ടി.സി മാത്രമാണ് നിലവിൽ ശബരിമല സർവീസ് നടത്തുന്നത്.
കോൺട്രാക്ട് ക്യാരേജ് ബസുകൾക്കാണ് ഓൾ ഇന്ത്യ പെർമിറ്റ് നൽകുന്നത്. ഇവ സ്‌റ്റേജ് ക്യാരേജായി ഉപയോഗിക്കാനാവില്ല. ഓൾ ഇന്ത്യ പെർമിറ്റ് വ്യവസ്ഥയെ ദുർവ്യാഖ്യാനം ചെയ്താണ് റോബിൻ ബസ് സ്റ്റോപ്പുകളിൽ നിറുത്തി സർവീസ് നടത്താൻ ശ്രമിച്ചതെന്ന് കെ.എസ്.ആർ.ടി.സിയും ആരോപിക്കുന്നു.
നിയമവിരുദ്ധം: കെ.എസ്.ആർ.ടി.സി
മോട്ടോർവാഹന നിയമം 1988ലെ വകുപ്പ് 88 (9)ന്റെ പരിധിയിലാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥ. ഇതിൽ 2(ഡി)യിൽ ടൂറിസ്റ്റ് വാഹനം കോൺട്രാക്ട് ക്യാരേജ് വാഹനമാണെന്നും സ്‌റ്റേജ് ക്യാരേജ് അല്ലെന്നും വ്യക്തമാക്കുന്നുണ്ട്. കോൺട്രാക്ട് ക്യാരേജുകൾ റൂട്ട് ബസുകളായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കർണാടക ഹൈക്കോടതി വിധിയുണ്ട്.
ചില ഇളവുകളുണ്ട്: സ്വകാര്യ ബസുകൾ കോൺട്രാക്ട് ക്യാരേജാണെങ്കിലും ഓൾഇന്ത്യ പെർമിറ്റിന് ചില ഇളവുകൾ നൽകിയിട്ടുണ്ട്. 2023 ഏപ്രിൽ 18ലെ വിജ്ഞാപനപ്രകാരം കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ 82 മുതൽ 85 എ വരെയുള്ള വകഭേദങ്ങൾ ഓൾ ഇന്ത്യ പെർമിറ്റിന് ബാധകമല്ല. അതിനാൽ റൂട്ട് ബസുപോലെ സർവീസ് നടത്താനാകും.
റോബിൻ ബസ് ഓടുന്നു, പരിശോധനയില്ല
പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയില്ലാതെ ഇന്നലെ റോബിൻ ബസ് പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തി. പെർമിറ്റിന്റെ പേരിൽ ബസ് പരിശോധിക്കരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് അധികൃതർ പിൻമാറിയത്. കഴിഞ്ഞ ദിവസം തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് ബസ് കസ്റ്റഡിയിലെടുത്തിരുന്നു. 10,000 രൂപ പിഴയടച്ച് ചൊവ്വാഴ്ച പുറത്തിറങ്ങിയ ബസ്യാ ത്രക്കാരെ കയറ്റിയാണ് പത്തനംതിട്ടയിലേക്ക് വന്നത്. വൈകിട്ട് 4.45ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടെങ്കിലും പത്തനംതിട്ടയിലെത്തിയത് ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ്. വഴിനീളെ ലഭിച്ച സ്വീകരണം മൂലമാണ് വൈകിയതെന്ന് ഡ്രൈവർ നിധീഷ് പറഞ്ഞു.