സുപ്രീംകോടതിയിലെ കേസ്: ഗവർണറുടെ സെക്രട്ടറി ഡൽഹിയിൽ

Thursday 23 November 2023 1:20 AM IST

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ കേസ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാവാനടക്കം ലക്ഷ്യമിട്ട് ഗവർണറുടെ അഡി.ചീഫ്സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത് ഇന്നലെ ഡൽഹിയിലെത്തി. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയാണ് ഗവർണർക്കായി ഹാജരാവുക. ഗവർണറും എ.ജിയുമായി ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

2019മുതൽ അംഗീകരിച്ച ബില്ലുകളുടെ വിവരങ്ങളും 8ബില്ലുകൾ തടഞ്ഞുവയ്ക്കാനുള്ള കാരണവും ഇക്കാര്യത്തിൽ ഗവർണറുടെ നിരീക്ഷണങ്ങളും വ്യക്തമാക്കിയുള്ള സത്യവാങ്മൂലമാവും കോടതിയിൽ ഫയൽ ചെയ്യുക. ബില്ലുകൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായതിനാലാണ് ഒപ്പിടാത്തതെന്നാണ് ഗവർണർ വിശദീകരിക്കുക. ഇവയുടെയെല്ലാം രേഖകളും എ.ജിക്ക് രാജ്ഭവൻ കൈമാറി. സ്വകാര്യ വ്യക്തികളെ ചാൻസലറാക്കുന്നതിലൂടെ സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാവുമെന്നും യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനാധികാരം ഗവർണറിൽ നിന്ന് സർക്കാർ ഏറ്റെടുത്തതുമെല്ലാം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

15 ബില്ലുകളിലും 2 ഓർഡിനൻസിലുമാണ് ഗവർണർ ഇനി ഒപ്പിടാനുള്ളത്. 2021 ഏപ്രിലിന് ശേഷം 3 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.