സർക്കാർ റസ്‌റ്റ് ഹൗസുകൾ ഇഷ്‌ടപ്പെട്ടില്ല, മുഖ്യമന്ത്രിയും മന്ത്രിമാരും യോഗം ചേർന്നത് ഫോർ സ്‌റ്റാർ ഹോട്ടലിൽ
കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും തലശ്ശേരിയിലെ സ്വകാര്യ ഹോട്ടലായ പേൾ വ്യൂവിൽ ഇന്നലെ മന്ത്രിസഭായോഗം ചേർന്നു. നവകേരള സദസിനായി എല്ലാവരും കണ്ണൂരിലെത്തിയതിനാലാണ് തലശ്ശേരി ടൗണിനടുത്തുള്ള ഫോർ സ്റ്റാർ ഹോട്ടൽ പരിഗണിച്ചത്. ഹോട്ടലിലെ ബോർഡ് റൂമിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ്‌സെക്രട്ടറി ഡോ.വി.വേണുവും പങ്കെടുത്തു.
യോഗത്തിലെ ആദ്യ അജൻഡ നവകേരള സദസ് വിലയിരുത്തലായിരുന്നു. നവകേരള സദസ് രണ്ടു ജില്ലകളിലെത്തിയപ്പോൾത്തന്നെ വൻ വിജയമായി. പ്രതിപക്ഷത്തെ അത് അസ്വസ്ഥമാക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ജനം ഇത് ഏറ്റെടുത്തുകഴിഞ്ഞു. ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി പരിഹാരമുണ്ടാകണം. ഇതിനുള്ള കർമ്മപദ്ധതി തയ്യാറാക്കണം. പരാതികൾ തീർപ്പാക്കുന്നത് ഇഴഞ്ഞുനീങ്ങാൻ പാടില്ല. ഇതിന് മന്ത്രിമാരും ചീഫ്‌സെക്രട്ടറിയും മേൽനോട്ടം വഹിക്കണം. നവകേരള സദസിന്റെ വിജയംകണ്ട് അസ്വസ്ഥരായ പ്രതിപക്ഷം അത് പൊളിക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിക്കും.'' അതാണ് കണ്ണൂരിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്കടക്കം മന്ത്രിസഭായോഗം അനുമതി നൽകി. അടിയന്തര സാഹചര്യങ്ങളിൽ തിരുവനന്തപുരത്തിനു പുറത്ത് മന്ത്രിസഭായോഗം മുൻപും ചേർന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന സമ്പൂർണ മന്ത്രിസഭായോഗം തലസ്ഥാനത്തിനു പുറത്ത് ആദ്യമാണ്. ആഹ്ലാദവാനായാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം അന്തരിച്ച കരുനാഗപ്പള്ളി മുൻ എം.എൽ.എ ആർ. രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ മന്ത്രിമാരായ ജി.ആർ. അനിലും ജെ. ചിഞ്ചുറാണിയും ചൊവ്വാഴ്ച രാത്രി കണ്ണൂരിലെത്തിയിരുന്നു. തലസ്ഥാനത്തിനു പുറത്ത് സർക്കാർ ഗസ്റ്റ്ഹൗസുകളിലോ മരാമത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസുകളിലോ ആണ് മന്ത്രിസഭായോഗം ചേരാറുള്ളത്. തലശ്ശേരിയിലും റസ്റ്റ് ഹൗസുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.
മട്ടന്നൂർ മണ്ഡലം നവകേരള സദസിന്റെ സംഘാടനത്തിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ധ്യക്ഷത വഹിച്ച് കൂടുതൽ സമയം സംസാരിച്ചതിന് കെ.കെ.ശൈലജ എം.എൽ.എയെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, മട്ടന്നൂരിലേത് വലിയ പരിപാടിയായി തോന്നുന്നില്ലെന്നും തുറന്നടിച്ചു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അദ്ധ്യക്ഷയ്ക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നി. ആ സമയം കുറച്ച് കൂടുതലായിപ്പോയി. 21 പേരാണ് നവകേരള സദസിലുള്ളതെങ്കിലും 3 പേർ സംസാരിക്കുകയെന്ന ക്രമമാണ് പുലർത്തിയിരുന്നത്. ആ ക്രമീകരണത്തിന് ഇവിടെ കുറച്ച് കുറവ് വന്നു. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.കെ.ശൈലജയുടെ ഭർത്താവും ,മട്ടന്നൂർ നഗരസഭ മുൻ ചെയർമാനുമായ കെ.ഭാസ്‌കരനോട് നടത്തിയ സൗഹൃദ സംഭാഷണത്തിനിടെ മട്ടന്നൂരിലേത് വലിയ പരിപാടിയല്ലെന്ന് താൻ പറഞ്ഞ കാര്യം മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. എങ്ങനെയുണ്ട് പരിപാടിയെന്ന് ഭാസ്‌കരൻ മാഷ് ചോദിച്ചപ്പോൾ ,വലിയ പരിപാടിയാണെന്ന് മറുപടി പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാൽ ഒരുപാട് വലിയ പരിപാടികൾ കണ്ട തനിക്ക് ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് മറുപടി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.