കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞയടി; പിടിച്ചുമാറ്റാനാകാതെ കണ്ടുനിന്ന് യാത്രക്കാർ

Thursday 23 November 2023 2:52 PM IST

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. തിരുവനന്തപുരം നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് പെൺകുട്ടികൾ തമ്മിൽ തല്ലുകയായിരുന്നു.

വിദ്യാർത്ഥികൾ സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് രണ്ട് പെൺകുട്ടികൾ തമ്മിൽ തല്ലുകയായിരുന്നു. ഇടിക്കുന്നതും അടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സഹപാഠികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വിദ്യാർത്ഥികളും മറ്റ് യാത്രക്കാരുമടക്കം വലിയൊരു ജനക്കൂട്ടം കണ്ടുനിൽക്കുന്നതും കാണാം. ഏകദേശം അ‌ഞ്ച് മിനിട്ടോളം അടി തുടർന്നിരുന്നു.

സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. അടിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതായാണ് വിവരം.