എ.എം.എം.ഐ മാദ്ധ്യമ അവാർഡ് ഭാസി പാങ്ങിലിന്
കോഴിക്കോട്: ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയുടെ (എ.എം.എം.ഐ) ഈ വർഷത്തെ മാദ്ധ്യമ അവാർഡ് കേരള കൗമുദി തൃശൂർ ബ്യൂറോചീഫ് ഭാസിപാങ്ങിലിന്.
പതിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 26ന് കോഴിക്കോട് വുഡീസ് ഹോട്ടലിൽ നടക്കുന്ന എ.എം.എം.ഐയുടെ ഒമ്പതാമത് സംസ്ഥാന കൺവെൻഷനിൽ നൽകും.
തൃശൂർ കേച്ചേരി മഴുവഞ്ചേരി സ്വദേശിയായ ഭാസി പാങ്ങിൽ 19 വർഷമായി കേരളകൗമുദിയിൽ ജോലി ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔഷധ കേരളം മാദ്ധ്യമ അവാർഡ്, ദയ മീഡിയ ഫെലോഷിപ്പ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ-സംസ്ഥാന മാദ്ധ്യമ അവാർഡ്, പ്ലാറ്റൂൺ പുരസ്കാരം, ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാർഡ്, മലയാളി മുദ്ര പുരസ്കാരം, കൊച്ചനിയൻ സ്മാരക കഥ അവാർഡ്, അയനം ഡോട്ട് കോം കഥാ പുരസ്കാരം, സാഹിത്യ അക്കാഡമിയുടെ ലിറ്റററി ജേർണലിസം സ്കോളർഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. 'ഉയരങ്ങളിലേക്കുളള നടപ്പാത'(ബാലസാഹിത്യം), കഥാകൗതുകം തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ കെ. മധു, മലയാള മനോരമ ആരോഗ്യം ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോ ഓർഡിനേറ്റർ അനിൽ മംഗലത്ത് എന്നിവരും അവാർഡിന് അർഹരായി.