ശക്തിപ്രകടനമായി കോൺഗ്രസിന്റെ പാലസ്തീൻ ഐക്യദാർഢ്യ റാലി

Friday 24 November 2023 4:40 AM IST

# കോൺഗ്രസിനോട് തിരഞ്ഞെടുപ്പിനൊരുങ്ങിക്കൊള്ളുവെന്ന് സമസ്ത

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനിരിക്കെ, യു.ഡി.എഫിന്റെ ശക്തിപ്രകടനമായി കോൺഗ്രസിന്റെ പാലസ്തീൻ ഐക്യദാർഢ്യ മഹാറാലി. പതിനായിരങ്ങളെ അണി നിരത്തി കോൺഗ്രസ് കോഴിക്കോട് കടപ്പുറത്ത് ശക്തി തെളിയിച്ചപ്പോൾ ,ഉറച്ച പിന്തുണയുമായി മുസ്ലിം ലീഗും അഭിനന്ദനവുമായി സമസ്ത ഉൾപ്പടെയുള്ള മുസ്ലിം സംഘടനകളും. പാലസ്തീൻ വിഷയത്തിൽ നടത്തിയ വിവാദ പ്രസ്താവനയിൽ ശശി തരൂരും വ്യക്തത വരുത്തി.

പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ സി.പി.എം ഉന്നയിച്ച ആരോപണങ്ങൾക്കും മുസ്ലിം ലീഗിനെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങൾക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മറുപടി പറഞ്ഞു. കോൺഗ്രസ് പാലസ്തീൻ ജനതയ്ക്കൊപ്പമാണെന്നും, ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണമെന്ന് കരുതുന്ന ചിലർ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് സംസാരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് കോൺഗ്രസിനൊപ്പമാണെന്ന് വ്യക്തമാക്കി. ജീവിതം യു.ഡി.എഫിന് വേണ്ടി ഉഴിഞ്ഞുവച്ചതാണെന്ന് . കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷം റാലി നടത്തിക്കോട്ടെ. പക്ഷേ ഉമ്മറപ്പടിയിൽ നിന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യാ മുന്നണിയിലേക്ക് അവർ വന്നിട്ടില്ല. വേലിപ്പുറത്തിരുന്ന് വല്യ വർത്തമാനം പറഞ്ഞതു കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

റാലിയിലെത്തിയ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോൺഗ്രസിനോട് തിരഞ്ഞെടുപ്പിനൊരുങ്ങാൻ ആഹ്വാനം നൽകിയാണ് പ്രസംഗം അവസാനിപ്പിച്ചത്. ഇന്ത്യയിലെ മതേതര കക്ഷികളിലെ ഏറ്റവും അടിത്തറയുള്ള പാർട്ടിയാണ് കോൺഗ്രസ്. ഉറക്കത്തിൽ നിന്നുണർന്ന് ഇത്തരത്തിലുള്ള മികച്ച പ്രകടനം കാഴ്ച വച്ചതിനെ അദ്ദേഹം

അഭിനന്ദിച്ചു.മുസ്ലിം ലീഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലിയിലെ തന്റെ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചെന്ന് ശശി തരൂർ പറഞ്ഞു. ഇസ്രായേലിനെ ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. രമേശ് ചെന്നിത്തല ഐക്യദാർഢ്യ പ്രതിജ്ഞയും കെ. മുരളീധരൻ എം.പി പാലസ്തീൻ ഐക്യദാർഢ്യ പ്രമേയവും അവതരിപ്പിച്ചു. എം.കെ. രാഘവൻ എം.പി സ്വാഗതം പറഞ്ഞു.

Advertisement
Advertisement