വിദേശ മെഡിക്കൽ ബിരുദം -പുതുക്കിയ നടപടിക്രമങ്ങൾ

Friday 24 November 2023 12:00 AM IST

നാഷണൽ മെഡിക്കൽ കമ്മീഷൻ വിദേശ മെഡിക്കൽ ബിരുദധാരികളുടെ റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറത്തിറക്കി. ഉക്രെയ്ൻ റഷ്യ യുദ്ധം, കൊവിഡ് എന്നിവയുടെ പശ്ചാത്തലത്തിലാണ് പുതുക്കിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉക്രെയ്ൻ , ഫിലിപ്പൈൻസ്, റഷ്യ, ജോർജിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് നിരവധി സംശയങ്ങളുണ്ടായിരുന്നു. വിദേശത്തുനിന്ന് മെഡിക്കൽ ഓഫ്‌ലൈൻ മോഡിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഇന്റേൺഷിപ് പൂർത്തിയാക്കിയാലും, ഇല്ലെങ്കിലും ഇന്ത്യയിലെത്തിയാൽ അതത് സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ താത്കാലിക രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കി CRMI 2021 റഗുലേഷൻ അനുസരിച് ഒരുവർഷത്തെ നിർബന്ധ മെഡിക്കൽ ഇന്റേൺഷിപ് പൂർത്തിയാക്കണം. അവസാന വർഷത്തിൽ ഓഫ്‌ലൈൻ മോഡിൽ കോഴ്‌സ് പൂർത്തിയാക്കാതെ നാട്ടിൽ തിരിച്ചെത്തി ഓൺലൈൻ മോഡിൽ കോഴ്സ് പൂർത്തിയാക്കിയവർക്കും, എഫ് എം ജി പൂർത്തിയാക്കിയവർക്കും ഈ ഉത്തരവ് ബാധകമാണ്. ഉക്രെയ്നിൽ നിന്നും എഫ് എം ജി പൂർത്തിയാക്കി യുദ്ധം മൂലം ഇന്റേൺഷിപ്/ കോഴ്‌സ് പൂർത്തിയാക്കാതെ 2022 സെപ്റ്റംബർ 15 ലെ ഉത്തരവനുസരിച് ക്രെഡിറ്റ് ട്രാൻസ്ഫർ വഴി മറ്റു രാജ്യങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രസ്തുത രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദ സെർട്ടിഫിക്കറ്റിനു അർഹരാണ്. ഉത്തരവിറങ്ങി മൂന്ന് മാസങ്ങൾക്കുള്ളിൽ വിദ്യാർത്ഥികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. കോഴ്‌സ് പൂർത്തിയാക്കിയശേഷം എഫ് എം ജി/ നെക്സ്റ്റ് പരീക്ഷ 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ ജനുവരി 20 ന്

നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് വിദേശ രാജ്യങ്ങളിൽ നിന്നും മെഡിക്കൽ പൂർത്തിയാക്കിയവർക്കുള്ള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ(FMGE) യ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിജയശതമാനം കുറവായതിനാൽ അപേക്ഷകർ ചിട്ടയോടെ പഠിച്ചു പരീക്ഷയ്ക്ക് തയ്യാറെടുക്കണം. 2024 ജനുവരി 20 നാണ് പരീക്ഷ.അപേക്ഷ ഓൺലൈനായി 2023 ഡിസംബർ 13 വരെ അപേക്ഷിക്കാം. ഫെബ്രുവരി 24 നു റിസൾട്ട് പ്രസിദ്ധീകരിക്കും. www.natboard.edu.in