ജസ്റ്റീസ് ഫാത്തിമ ബീവി അന്തരിച്ചു
പത്തനംതിട്ട: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് മുൻ ഗവർണറുമായ ജസ്റ്റിസ് എം. ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ട ടൗൺഹാളിൽ പൊതുദർശനത്തിനു വച്ചശേഷം രണ്ടിന് ടൗൺ ജുമാ മസ്ജിദിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെ കബറടക്കും. പത്തനംതിട്ട അണ്ണാവീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്ന ഫാത്തിമ ബീവിയെ അവശതകളെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചിരുന്നു.
പരേതരായ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927 ഏപ്രിൽ 30നാണ് ജനനം. അവിവാഹിതയാണ്. സഹോദരങ്ങൾ: കുത്സം ബീവി, റസിയാബീവി (റിട്ട.ഹെഡ്മിസ്ട്രസ്, ഗവ. എച്ച്എസ്എസ്, പത്തനംതിട്ട), ഡോ.എം.ഫസിയ, പരേതരായ സാറാ ബീവി, ഹബീബ് മുഹമ്മദ് (റിട്ട. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), ഹനീഫാബീവി (റിട്ട. അദ്ധ്യാപിക), മൈതീൻ സാഹിബ് (റിട്ട. ഡിവൈ.എസ്.പി). മുൻ കേന്ദ്രമന്ത്രി പരേതനായ ഡോ.വി.എ. സെയ്ദു മുഹമ്മദ് സഹോദരീ ഭർത്താവാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദവും തിരുവനന്തപുരം ലാ കോളേജിൽനിന്ന് നിയമബിരുദവും നേടിയ ശേഷം 1950 നവംബർ 14നാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. കൊല്ലം ജില്ലാ കോടതിയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. ശ്രദ്ധേയമായ ഇടപെടലുകൾ പല കേസുകളിലും നടത്തി.
സ്വതന്ത്ര ചിന്തകളിലൂടെയുള്ള അവരുടെ വാദങ്ങൾ കോടതിയിൽ ശ്രദ്ധിക്കപ്പെട്ടു. 1958ൽ മുൻസിഫായി ജുഡീഷൽ സർവീസിൽ പ്രവേശിച്ചു. മുസ്ലിം വിഭാഗത്തിൽ നിന്ന് മുൻസിഫായി നിയമിതയാകുന്ന ആദ്യവനിതയാണ്. 1968ൽ സബ് ജഡ്ജായും 1972ൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു. 1974ൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായി. ഇൻകം ടാക്‌സ് ട്രൈബ്യൂണലിലെ ആദ്യ വനിതാഅംഗമായി ഇതിനിടെ നിയമിതയായി. 1983 ആഗസ്റ്റ് നാലിന് കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിയായി. 1989ൽ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീംകോടതിയിൽ നിയമിതയായി. മൂന്നുവർഷത്തിന് ശേഷം വിരമിച്ചു. സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷൻ അദ്ധ്യക്ഷയായും ആദ്യ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായും പ്രവർത്തിച്ചു. 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായി. വിരമിച്ചശേഷം പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സാമൂഹികരംഗത്തെയും സിവിൽ സർവീസിലെയും സംഭാവനകൾ കണക്കിലെടുത്ത് ഇൗ വർഷം സംസ്ഥാന സർക്കാർ 'കേരളപ്രഭ' പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.