റോബിൻ ബസ് പിടിച്ചെടുത്തു, എംവിഡി എത്തിയത് വൻ പൊലീസ് സന്നാഹത്തോടെ; നിയമ ലംഘനത്തിന് ആഹ്വാനം ചെയ്തവ‌ർക്കെതിരെയും നടപടിയുണ്ടായേക്കും

Friday 24 November 2023 7:21 AM IST

പത്തനംതിട്ട: റോബിൻ ബസ്, മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പുലർച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് എം വി ഡിയുടെ നടപടി. ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.

റോബിൻ ബസിനെതിരെ എം വി ഡി കേസെടുത്തിട്ടുണ്ട്. ഡ്രൈവർമാരുടെ ലൈസൻസ്, വാഹന പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗർമാർക്കെതിരെയും നടപടി സ്വീകരിച്ചേക്കും.

കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് റോബിൻ ബസിന്റെ നടത്തിപ്പുകാർ പ്രതികരിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയില്ലാതെ ഇന്നലെ റോബിൻ ബസ് പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.

കേസിൽ കക്ഷി ചേരാൻ കെ എസ് ആർ ടി സി

ടൂറിസ്റ്റ് ബസുകൾ മറ്റു ബസുകളെപ്പോലെ സർവീസ് നടത്തുന്നതു തടഞ്ഞ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെ റോബിൻ ബസ് ഉടമ ഗിരീഷ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ കക്ഷിചേരാൻ കെ എസ് ആർ ടി സി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകൾ ദേശാസാത്കൃത റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ഈ റൂട്ടുകളിൽ കെ എസ് ആർ ടി സിയ്ക്ക് മാത്രമാണ് സർവീസ് നടത്താൻ അവകാശമെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടത്തിലെ ഭേദഗതിയിൽ ടൂറിസ്റ്റ് ബസുകൾക്ക്, ടിക്കറ്റ് നൽകി യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ അനുമതിയില്ലെന്നും തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കുന്നത് നീതി നിഷേധമാണെന്നുമാണ് കെ എസ് ആർ ടി സിക്കു വേണ്ടി ഡെപ്യൂട്ടി ലാ ഓഫീസർ പി എൻ ഹേന നൽകിയ അപേക്ഷയിൽ പറയുന്നത്.