"കവച്" സംവിധാനം, മോഡുലാർ ടോയ്‌ലറ്റ് അടക്കമുള്ള അഞ്ച് സവിശേഷതകളുമായി വന്ദേ മെട്രോ; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബി ജെ പിയുടെ തുറുപ്പുചീട്ട്

Friday 24 November 2023 8:56 AM IST

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് വന്ദേ മെട്രോ തുറുപ്പുചീട്ടായേക്കും. അതിവേഗം വന്ദേ മെട്രോ പാളത്തിലാക്കാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ തിരക്കേറിയ 10 റൂട്ടുകളിലെങ്കിലും വന്ദേ മെട്രോ വൈകാതെ എത്തുമെന്നാണ് സൂചന. നിലവിൽ ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ വക്താവ് 'കേരളകൗമുദി'യോട് പറഞ്ഞു.

ഹ്രസ്വദൂര മെമു സർവീസുകൾക്കു ബദലാകുന്ന വന്ദേ മെട്രോ പുതുവർഷത്തുടക്കത്തിൽ ട്രാക്കിലാകുമെന്നാണ് വാഗ്ദാനം. മെട്രോ നടത്തിപ്പ് റെയിൽവേ നേരിട്ടാകാൻ ഇടയില്ല. ദൂരപരിധി 250 – 300 കിലോമീറ്റർ. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗം. പൂർണമായും ശീതീകരിച്ച 12 കോച്ചുകൾ. ആദ്യ റേക്ക് തമിഴ്നാട്ടിലെ പെരമ്പൂർ കോച്ച് ഫാക്ടറിയിൽ നിന്ന് ആഴ്ചകൾക്കകം പുറത്തിറങ്ങും. മാർച്ചോടെ അവതരിപ്പിക്കേണ്ട വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണവും ഇവിടെ പുരോഗമിക്കുന്നു.

ചെയർ കാറുകളിൽ യാത്രക്കാരെ നിന്ന് യാത്രചെയ്യാൻ അനുവദിക്കും. ഒരു കോച്ചിൽ 100 പേർക്ക് ഇരുന്നും 200 പേർക്ക് നിന്നും യാത്ര ചെയ്യാം. വന്ദേഭാരതിന് വഴിയൊരുക്കാൻ മറ്റു ട്രെയിനുകൾ പിടിച്ചിടേണ്ടിവരുന്നതാണ് തലവേദന. വന്ദേ മെട്രോ കൂടി വരുമ്പോൾ ഇത്തരം പരാതികൾ ഒഴിവാക്കാൻ അതിജാഗ്രത വേണ്ടിവരും.

പരിഗണിക്കുന്ന റൂട്ടുകൾ

തിരുവനന്തപുരം – എറണാകുളം, കൊല്ലം – എറണാകുളം, കൊല്ലം – തൃശൂർ, കൊല്ലം – തിരുനെൽവേലി,എറണാകുളം – കോഴിക്കോട്,എറണാകുളം – കോയമ്പത്തൂർ,കോഴിക്കോട് – പാലക്കാട്,കോഴിക്കോട് – മംഗലാപുരം,നിലമ്പൂർ– മേട്ടുപ്പാളയം, പാലക്കാട് – കോട്ടയം.

പ്രധാന സവിശേഷതകൾ

1.കൂട്ടിയിടി ഒഴിവാക്കാൻ 'കവച്" സംവിധാനം

2.ഇടനാഴി അടച്ചുറപ്പാക്കിയ കോച്ചുകൾ

3.ഭാരം കുറഞ്ഞ ബോഡി, കുഷ്യനുള്ള സീറ്റുകൾ

4.ഇരുഭാഗത്തും തുറക്കുന്ന ഓട്ടോമേറ്റഡ് വാതിൽ

5.ഓട്ടോമാറ്റിക് ഫയർ അലാം, മോഡുലാർ ടോയ്ലെറ്റ്

Advertisement
Advertisement