ജനങ്ങൾക്ക്  വേണ്ടിയാണ്  തല്ലുകൊണ്ടതും  വണ്ടിയുടെ  മുന്നിൽ  ചാടിയതും; യൂത്ത്  കോൺഗ്രസിനെ പിന്തുണച്ച് സുരേഷ് ഗോപി

Friday 24 November 2023 7:27 PM IST

പാലക്കാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികരിച്ച് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങൾക്കുവേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

പാലക്കാട് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങൾക്ക് വേണ്ടിയാണ് യൂത്ത് കോൺഗ്രസ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നിൽ ചാടിയതും. യൂത്ത് കോൺഗ്രസായതിനാൽ അവരെ മാറ്റി നിർത്തേണ്ടതില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷം ഏതുപാർട്ടിയായാലും അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സംസ്ഥാന സർക്കാരിനെതിരെയും കടുത്ത വിമർശനം ഉന്നയിച്ചു. ഈ പണം എടുത്ത് ആളുകൾക്ക് പെൻഷൻ നൽകിയാൽ മതിയായിരുന്നു അവരുടെ പ്രാർത്ഥനയെങ്കിലും ഉണ്ടാവുമായിരുന്നു. ഇത് പാർട്ടിയെ കനപ്പിക്കാനും പാർട്ടിയിലെ വ്യക്തികളെയാക്കെ കനപ്പിക്കാനുമുള്ള ധൂർത്താണ് നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

'പ്രതിപക്ഷം ഏത് പാർട്ടിയുമായിക്കോട്ടെ. അവരെ ജനങ്ങൾ പിന്തുണയ്ക്കണം. നിങ്ങൾക്കുവേണ്ടിയാണ് അവർ അടിയുണ്ടാക്കിയതും വാഹനത്തിന് മുന്നിൽ ചാടിയതും. ജനങ്ങൾക്ക് വേണ്ടിയാണ് അവ‌ർ തല്ലുകൊണ്ട് ആശുപത്രികളിൽ കിടക്കുന്നത്. യൂത്ത് കോൺഗ്രസുകാരായതുകൊണ്ട് അവരോട് ദൂരം പാലിക്കണമെന്ന് ആരും പറയില്ല. ഇനി അങ്ങനെ പറഞ്ഞാൽ ആ പറയുന്നവരോടായിരിക്കും ഞാൻ ദൂരം കൽപ്പിക്കുക. ജനകീയ സമരങ്ങൾ ശക്തിപ്രാപിക്കേണ്ട സമയം അതിക്രമിച്ചു.' സുരേഷ് ഗോപി കൂട്ടിച്ചേർത്തു.