നവകേരള സദസിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുത്,​ ഉത്തരവിറക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

Friday 24 November 2023 7:51 PM IST

കൊച്ചി: നവകേരള സദസിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിദ്യാർത്ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. കരിക്കുലത്തിന് പുറത്തുള്ള കാര്യങ്ങളിൽ ഉത്തരവിറക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിന് എതിരായ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം.

നവകേരള സദസിൽ ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്‌ചയോടെ പിൻവലിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

നവകേരള സദസിൽ വിദ്യാ‌ർത്ഥികളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. കുട്ടികളെ വെയിലത്ത് നിറുത്തിയെന്നായിരുന്നു ആരോപണം ഉയർന്നത്. തലശേരിയിൽ നിന്ന് കൂത്തുപറമ്പ് മണ്ഡലത്തിസെ പാനൂരിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡിൽ നിറുത്തിയത്. സംഭവത്തിൽ ദേശീയ,​ സംസ്ഥാന ബാലാവകാശ കമ്മിഷനുകൾ കേസെടുത്തിരുന്നു.