കേരളത്തിന്റെ  വികസനം  ഉറ്റുനോക്കി  ഇന്ന്  കോൺക്ളേവ്, ഉദ്ഘാടനം കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ

Saturday 25 November 2023 12:10 AM IST

കേരളകൗമുദിയും കൗമുദി ടി.വിയും ഒരുക്കുന്ന വേദി

തിരുവനന്തപുരം:ഭാരതത്തിനൊപ്പം വികസിക്കാൻ വെമ്പുന്ന കേരളത്തിന് മുന്നിലുള്ള വഴികൾ തേടി വാണിജ്യ,സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ ചർച്ചയ്ക്ക് കേരളകൗമുദിയും കൗമുദി ടി.വിയും ഇന്ന് വേദിയൊരുക്കുന്നു. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വൈകിട്ട് 4.30ന് ചേരുന്ന ചടങ്ങ് 'എമർജിംഗ് ഭാരത്, ഗ്രോയിംഗ് കേരള' ബിസിനസ് കോൺക്ലേവ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജ്യസഭാംഗം പി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ആമുഖ പ്രസംഗം നടത്തും. അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് നന്ദി പറയും.കേരളകൗമുദി തയ്യാറാക്കുന്ന സാമ്പത്തിക വികസന വാർഷിക പതിപ്പായ 'കുതിപ്പിന്റെ കരുത്തിൽ കേരളം' എന്ന ബുക്കിന്റെ കവർ പേജ് പ്രകാശനം കേന്ദ്രധനമന്ത്രി നിർവ്വഹിക്കും.സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രമുഖരെ ചടങ്ങിൽ ആദരിക്കും.

മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയുടെ സമാപന ചടങ്ങ് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഡോ.ശശിതരൂർ ഉദ്ഘാടനം ചെയ്യും.സേവന,ഉത്പാദനമേഖലകളിലെ കേരളത്തിന്റെ വിപുലമായ സാധ്യതകളെയും അവ കൈവരിക്കാൻ സ്വീകരിക്കേണ്ട നയമാറ്റങ്ങളെയും കുറിച്ച് ചർച്ചചെയ്യുന്ന സെഷനിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ,സംസ്ഥാന ആസൂത്രണബോർഡംഗം ഡോ.രവിരാമൻ, മുൻ ആസൂത്രണബോർഡംഗം ജി.വിജയരാഘവൻ തുടങ്ങിയവർ സംസാരിക്കും.സംസ്ഥാനവികസനത്തിനുള്ള അടുത്ത അഞ്ചുവർഷത്തെ സാദ്ധ്യതകളും വെല്ലുവിളികളുമാണ് കോൺക്ളേവിൽ മുഖ്യമായും ചർച്ചചെയ്യുന്നത്. സംസ്ഥാനത്തെ സാമ്പത്തിക,സാമൂഹ്യ,രാഷ്ട്രീയ,വാണിജ്യ,വ്യാപാര,വ്യവസായ മേഖലയിലെ പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും.