മൂന്നാർ ദൗത്യം ; 18 ഏക്കർ സ്ഥലവും റിസോർട്ടും ഏറ്റെടുത്തു
മൂന്നാർ: മൂന്നാർ മേഖലയിൽ കൈയേറിയ 18 ഏക്കർ സ്ഥലവും കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച റിസോർട്ടും മൂന്നാർ ദൗത്യസംഘം ഏറ്റെടുത്തു. ചിന്നക്കനാൽ വില്ലേജിലെ സിങ്കുകണ്ടം, സൂര്യനെല്ലി, ചിന്നക്കനാൽ എന്നിവിടങ്ങളിലായി 18 ഏക്കർ 10 സെന്റ് സ്ഥലത്തെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഭൂമി കൈവശം വച്ചിരുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥനുമുണ്ട്. കൈയേറ്റ ഭൂമിയിലെ ഹോം സ്റ്റേ പൂട്ടി സീൽ വച്ചു. സർവ്വേ നമ്പർ 34/1ലെ 16 ഏക്കർ 45 സെന്റ്, 20/1ൽ 1 ഏക്കർ 32 സെന്റ് എന്നിങ്ങനെയുള്ള പുറമ്പോക്ക് കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഇതിന് പുറമെ സർവ്വേ നമ്പർ 34/1ൽ ഉൾപ്പെട്ട 33 സെന്റ് സർക്കാർ ഭൂമിയിൽ നിർമ്മിച്ചിരുന്ന റിസോർട്ടും ഏറ്റെടുത്തു. എന്നാൽ കൈയേറ്റ സ്ഥലങ്ങളിലെ വീടുകളിൽ നിന്നുള്ളവരെ ഒഴിപ്പിച്ചിട്ടില്ല. ആദിവാസി പുരനധിവാസ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് നൽകാൻ അളന്ന് തിരിച്ചിട്ടിരുന്ന ഭൂമി പന്ത്രണ്ടോളം പേർ അനധികൃതമായി കൈവശം
വച്ചിരുന്നു. ഈ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് ലഭിച്ച നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.. മതിയായ രേഖകളില്ലാത്തതിൽ ഒഴിപ്പിക്കണമെന്ന് ആഗസ്റ്റിൽ കോടതി വിധി വന്നതോടെയാണ് ഭൂമി പിടിച്ചെടുത്തത്. ഇവിടെ ഒരു സ്ഥലത്ത് മാത്രമാണ് ബോർഡ് സ്ഥാപിച്ചത്. സൂര്യനെല്ലിയിൽ സഹോദരന്മാരായ രണ്ടുപേർ കൈവശം വച്ചിരുന്ന 33 സെന്റ് സ്ഥലമാണ് ഒഴിപ്പിച്ചത്. ഇവിടത്തെ ഹോം സ്റ്റേയുടെ മൂന്ന് മുറികൾ സീൽ വച്ചു.
ചിന്നക്കനാൽ റോഡരികിൽ ഷാർലറ്റ് ജോൺസൺ സഹോദരി നാദിയ എന്നിവർ കൈവശം വച്ചിരുന്ന മൂന്നേക്കർ സ്ഥലവും ഒഴിപ്പിച്ചു. സർക്കാർ ജീവനക്കാരനായ ഷാർലറ്റിന്റെ മാതാപിതാക്കളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായർ, ഡെപ്യൂട്ടി കളക്ടർ കെ.പി. ദീപ, ഉടുമ്പൻചോല തഹസിൽദാർ എ.വി. ജോസ്, ഭൂരേഖ തഹസിൽദാർ സീമ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്. ഈ സ്ഥലങ്ങളിൽ വീട് വച്ച് താമസിക്കുന്നരെ ഒഴിപ്പിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ഇതുവരെ 14 കേസുകളിലായി 104.5 ഹെക്ടർ ഭൂമിയാണ് തിരിച്ച് പിടിച്ചത്.