എട്ടാം ക്ളാസിന് മുന്നിലൂടെ ഒൻപതിലെ വിദ്യാർത്ഥികൾ നടന്നു; ടൗണിൽ കൂട്ടയടി, കടയിലെ സാധനങ്ങൾ അടക്കം നശിപ്പിച്ചു
പാലക്കാട്: നഗരത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. പാലക്കാട് കുമരനെല്ലൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കുമരനെല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ടൗണിൽ ഏറ്റുമുട്ടിയത്.
എട്ടാം ക്ളാസിന്റെ വരാന്തയിലൂടെ ഒൻപതാം ക്ളാസ് വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ട വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കുമരനെല്ലൂർ സെന്ററിലെ ഒരു കടയ്ക്ക് മുന്നിൽ വച്ചാണ് വാക്കുതർക്കം തുടങ്ങിയത്. കടയുടെ പുറത്തായി വിൽക്കാനുള്ള സാധനങ്ങൾ വച്ചിരുന്നു. ഈ സാധനങ്ങൾ അടക്കം കൂട്ടത്തല്ലിനിടെ വിദ്യാർത്ഥികൾ നശിപ്പിച്ചു.
കഴിഞ്ഞദിവസം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞയടി നടന്നിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നവംബർ 22ന് വൈകിട്ടായിരുന്നു സംഭവം. ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് പെൺകുട്ടികൾ തമ്മിൽ തല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമാവുകയും ചെയ്തു.
വിദ്യാർത്ഥികൾ സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് രണ്ട് പെൺകുട്ടികൾ തമ്മിൽ തല്ലുകയായിരുന്നു. ഇടിക്കുകയും അടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുകയുമൊക്കെ ചെയ്തു. സഹപാഠികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്യാർത്ഥികളും മറ്റ് യാത്രക്കാരുമടക്കം വലിയൊരു ജനക്കൂട്ടം അടി കണ്ടുനിന്നിരുന്നു. ഏകദേശം അഞ്ച് മിനിട്ടോളം അടി തുടർന്നു.