70 സെന്റ് സ്ഥലത്ത് 4842 ചതരുശ്ര അടിയിൽ ബംഗ്ലാവുണ്ടായിട്ടും കളക്ടർ താമസിക്കുന്നത് വാടകവീട്ടിൽ; സർക്കാർ ഖജനാവിൽ നിന്ന് പോകുന്നത് ലക്ഷങ്ങൾ

Saturday 25 November 2023 3:03 PM IST

പത്തനംതിട്ട : ഒരു വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കളക്ടർ ബംഗ്ളാവ് താമസത്തിന് നൽകാത്തതിനാൽ കെട്ടിടവും പരിസരവും ഇഴജീവികളും തെരുവ് നായകളും കൈയടക്കി. ജല വിതരണ സംവിധാനത്തിന്റെ പണികൾ മാത്രമാണ് ബാക്കിയുള്ളത്.

കുലശേഖരപേട്ടയിൽ ആധുനികരീതിയിൽ നിർമ്മിച്ച ബംഗ്ളാവിന്റെ പരിസരത്ത് പുല്ലും പാഴ്ചെടികളും വളർന്നു. അയൽവാസികൾ കന്നുകാലികളെ തീറ്റുന്നതും ബംഗ്ളാവ് പരിസരത്താണ്. ഗേറ്റ് ഉണ്ടെങ്കിലും പൂട്ട് സ്ഥാപിച്ചിട്ടില്ല. പണി പൂർത്തിയായ ഉടൻ കെട്ടിടം പെയിന്റടിച്ച് മനോഹരമാക്കിയിയിരുന്നു. തെരുവുനായകൾക്ക് കിടക്കാനായി വിശാലമായ തിണ്ണകളാണ് ഇവിടെയുള്ളത്. മിൽമാ ഡയറിക്കായി വിട്ടുകൊടുത്തിരുന്ന റവന്യു ഭൂമിയിലാണ് കളക്ടർ ബംഗ്ളാവ് പണിതത്. ജല ലഭ്യതക്കുറവ് കാരണം മിൽമ തട്ടയിലേക്ക് മാറുകയായിരുന്നു.

സ്വന്തം കെട്ടിടമുണ്ടായിട്ടും കളക്ടർ വർഷങ്ങളായി വാടക വസതികളിൽ താമസിക്കുകയാണ്. നന്നുവക്കാട് വാടക വീടിന് 18,344 രൂപയാണ് പൊതുമരാമത്ത് നിശ്ചയിച്ചത്. ഇതിനു മുൻപ് വെട്ടിപ്രത്ത് പൊലീസ് ചീഫ് ഓഫീസിന് സമീപത്ത് മറ്റൊരു വാടക കെട്ടിടത്തിലായിരുന്നു കളക്ടർ ബംഗ്ളാവ്. പുതിയ കെട്ടിടം താമസയോഗ്യമാകാത്തതിനാൽ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് വാടകയ്ക്ക് നഷ്ടമാകുന്നത്.

വെള്ളമില്ലാത്തത് തടസ്സം

ഒരു വർഷം മുമ്പാണ് കളക്ടർക്ക് വേണ്ടി കെട്ടിടം പണിതത്. 70 സെന്റ് സ്ഥലത്ത് 4842 ചതരുശ്ര അടിയിലാണ് കെട്ടിടം. കുടുംബ സമേതം താമസിക്കാനും ഒാഫീസിനും പാർക്കിംഗിനും സൗകര്യമുണ്ട്. പക്ഷേ വെള്ളം ലഭ്യമാക്കാൻ സൗകര്യമില്ലാത്തതാണ് താമസിക്കാനുള്ള തടസ്സം. ഇതിന് പരിഹാരമായി കിണർ കുഴിക്കണം. ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുകയും വേണം.

കെട്ടിടത്തിന് പ്രതിമാസ വാടക : 18,344 രൂപ

'' നഗരത്തിൽ കണ്ണായ സ്ഥലത്ത് കെട്ടിടം പണി പൂർത്തിയാക്കിയിട്ടും കളക്ടർ വാടകയ്ക്ക് താമസിക്കുകയാണ്. ചെലവ് ചുരുക്കാൻ സർക്കാർ പറയുമ്പോൾ ഖജനാവിൽ നിന്ന് വൻ തുകയാണ് വാടക നൽകുന്നത്.

മനോജ് കാർത്തിക, പൊതുപ്രവർത്തകൻ.

'' കിണർ കുഴിക്കാനുളള ടെൻഡർ നടപടിയായി. പൈപ്പ് ലൈൻ കൂടി സ്ഥാപിച്ചാൽ കെട്ടിടം താമസയോഗ്യമാക്കും.

പൊതുമരാമത്ത് അധികൃതർ

Advertisement
Advertisement