നവകേരള സദസിനെ പ്രതിപക്ഷ നേതാവിന് കാണാം: മുഖ്യമന്ത്രി

Sunday 26 November 2023 12:57 AM IST

കോഴിക്കോട്: നവകേരള സദസ് എന്താണെന്ന് പറവൂരിൽ എത്തുമ്പോൾ പ്രതിപക്ഷ നേതാവിന് കാണാമെന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൻ ജനക്കൂട്ടമാണ് ഓരോ കേന്ദ്രത്തിലും എത്തുന്നത്. അതിന്റെ വിറളിയാണ് പ്രതിപക്ഷ നേതാവിന്. നവകേരള സദസിന് ഫണ്ട് നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് അതുകൊണ്ടാണ്. തന്നെ ക്രിമിനലെന്ന് വിളിക്കുന്നത് അദ്ദേഹത്തിന്റെ ശീലത്തിന്റെ ഭാഗമാണ്. തെറിവിളിക്കുന്നവരെ തിരിച്ച് തെറിവിളിക്കുന്നത് തന്റെ ശീലമല്ല. പ്രതികരിക്കാതിരിക്കുമ്പോൾ നിറുത്തിക്കോളും. കോൺഗ്രസ് നേതാക്കന്മാരടക്കം നവകേരള സദസ് വിജയിപ്പിക്കാൻ മുന്നോട്ടുവരുന്നുണ്ട്. സാമ്പത്തികമായും സഹായിക്കാൻ തയ്യാറാകുന്നു. പാലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പേരിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് നടപടിക്ക് ഇരയായത് വല്ലാത്ത സന്ദേശമാണ് നൽകുന്നത്. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് മാറ്റമാണ് വ്യക്തമാകുന്നത്. രാമജന്മഭൂമി പ്രക്ഷോഭം എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് സമൂഹത്തെ ഭിന്നിപ്പിക്കും. മതനിരപേക്ഷതയുമായി ചേർന്ന് നിൽക്കുന്നവർക്ക് അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.