നെയ്യാറ്റിൻകരയിൽ കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു,​ 29 പേ‌ർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

Saturday 25 November 2023 11:59 PM IST

നെയ്യാറ്റിൻകര: രണ്ട് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 29 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന്കല്ലിൻമൂട്ടിൽ ദേശീയപാതയിൽ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം.പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേയ്ക്കും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കും വരുകയായിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായി തകർന്നു.നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

ബസുകളിൽ ഒന്നിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. രണ്ട് ബസിലെയും ഡ്രൈവർമാരുടെ നില ഗുരുതരമാണ്. ഇവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം നടന്നയുടൻ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. .