ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കരുത്,​ പെർമിറ്റ് ചട്ടം ലംഘിച്ചാൽ പിഴ ചുമത്താമെന്ന് ഹൈക്കോടതി

Sunday 26 November 2023 7:21 PM IST

കൊച്ചി : ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം വാഹനങ്ങൾ പെ‌ർമിറ്റ് ചട്ടങ്ങൾ ലംഘിച്ചാൽ പിഴ ചുമത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട,​ കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തി. മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയതിനെതിരെ കൊല്ലത്തെ പുഞ്ചിരി ബസിന്റെ ഉടമകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസിനെതിരെ മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിൽ എടുത്തതും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെന്നു കരുതി സ്റ്റേജ് ക്യാരേജായി വാഹനങ്ങൾ സർവീസ് നടത്താൻ കഴിയില്ല എന്ന് ഹൈക്കോതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ സർവീസ് നടത്തിയാൽ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പിന് പിഴ ചുമത്താവുന്നതാണ്. ചട്ടലംഘനത്തിന് നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി പറഞ്ഞു. 50 ശതമാനം പിഴ ഇപ്പോൾ തന്നെ അടയ്ക്കാനും ബാക്കി പിഴ കേസിന്റെ തീർപ്പിന്റെ അടിസ്ഥാനത്തിൽ മതിയെന്നും കോടതി വ്യക്തമാക്കി.

പുഞ്ചിരി ട്രാവൽസ് കൊല്ലത്ത് നിന്നും കൊട്ടിയത്ത് നിന്നും ബംഗളുരുവിലേക്ക് ബസ് സർവീസ് നടത്തുന്നുണ്ട്. പെർമിറ്റ് ചട്ടം ലംഘിച്ചതിന്റെ പേരിൽ ഈ സർവീസീനെതിരെ മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.