നരേന്ദ്ര മോദി വ്യാഴാഴ്ച യുഎഇയിൽ; ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ട്

Sunday 26 November 2023 9:08 PM IST

അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യു എ ഇയിലെത്തുന്നത്. വെള്ളിയാഴ്ച മടങ്ങിവരുമെന്നാണ് വിവരം. യു എ ഇ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടക്കുമെന്നും റിപ്പോർട്ട് ഉണ്ട്.

അതേസമയം, സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പണം അതിർത്തി കടന്ന് പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു മോദിയുടെ അഭ്യർത്ഥന. വിവാഹങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ ഇന്ത്യയിൽ നിർമിച്ച സാധനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

'വിവാഹ സീസൺ ആരംഭിച്ചുകഴിഞ്ഞു. ഈ സീസണിൽ ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് ചില വ്യാപാര സംഘടനകൾ കണക്കാക്കുന്നു. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം.'- അദ്ദേഹം പറഞ്ഞു.


'വിവാഹവുമായി ബന്ധപ്പെട്ട് ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു. എന്റെ ഹൃദയവേദന എന്റെ കുടുംബാംഗങ്ങളോട് പറഞ്ഞില്ലെങ്കിൽ, ഞാൻ മറ്റാരോടാണ് പറയുക? ഒന്ന് ആലോചിച്ചു നോക്കൂ. ഇക്കാലത്ത് ചില കുടുംബങ്ങൾ വിദേശത്ത് പോയി കല്യാണം നടത്തുകയാണ്. ഇത് അവശ്യമാണോ?' -പ്രധാനമന്ത്രി ചോദിച്ചു.