ആന്റിബയോട്ടിക്ക് നിയന്ത്രണം പാളി, മരുന്ന് കമ്പനികൾക്ക് കൊയ്ത്ത്
# സംസ്ഥാനത്ത് പ്രതിവർഷം വിൽക്കുന്നത്
56 കോടി രൂപയുടെ ആന്റിബയോട്ടിക്ക്
#അമിത ഉപയോഗം രോഗാവസ്ഥ കൂട്ടുന്നു
തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ രാജ്യത്ത് ആദ്യമായി ആക്ഷൻപ്ലാൻ രൂപീകരിച്ച കേരളത്തിൽ അതു നടപ്പാക്കാൻ നടപടിയില്ല.
. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകരുതെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവുണ്ടെങ്കിലും അത് ഉറപ്പാക്കാൻ യാതൊരു പരിശോധനയും ഇല്ല. സർക്കാർ മരുന്ന് ലോബികൾക്ക് ഒത്താശചെയ്യുന്നുവെന്നാണ് ആക്ഷേപം. ചെറിയ പനി വന്നാൽപ്പോലും ആന്റിബയോട്ടിക്കിനെ ആശ്രയിക്കുകയാണ് മിക്കവരും. പഴയകുറിപ്പടികളാണ് ഇതിന് ഉപയോഗിക്കുന്നത്.
ഇതിനു പുറമേ, മൃഗങ്ങൾക്ക് കുത്തിവയ്ക്കുന്ന ആന്റിബയോട്ടിക്കും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പന്നി,കോഴി,താറാവ് എന്നിവയ്ക്ക് രോഗങ്ങൾ വരാതിരിക്കാൻ അമിതമായി കുത്തിവയ്ക്കുന്ന ആന്റിബയോട്ടിക്കുകൾ ബാധിക്കുന്നത്, അത് ഭക്ഷണമാക്കുന്ന മനുഷ്യരെയാണ്.
അമിതമായ ആന്റിബയോട്ടിക്ക് സാന്നിദ്ധ്യം മനുഷ്യശരീരത്തിൽ ആന്റിബയോട്ടിക്കുകൾക്ക് എതിരായ പ്രതിരോധം സൃഷ്ടിക്കും. ഇതോടെ രോഗത്തെ അതിജീവിക്കാനുള്ള ശേഷി കുറയും.
അടിയന്തരസാഹചര്യത്തിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂയെന്ന് ഐ.സി.എം.ആർ ഉൾപ്പടെ പലവട്ടം മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമില്ല. ജി.എസ്.ടി വന്നതോടെ എല്ലാ മെഡിക്കൽ ഷോപ്പുകളും കമ്പ്യൂട്ടറൈസിഡ് സംവിധാനമായതിനാൽ സംസ്ഥാന സർക്കാരിന് അനായാസം മരുന്ന് വില്പന രജിസ്റ്റർ ചെയ്യാം. സർക്കാർ ഇതിന് ശ്രമം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.
രണ്ടു കുറിപ്പടി
നടപ്പാക്കണം
സൈക്യാട്രിക്ക് മരുന്നുകൾക്ക് ഡോക്ടർമാർ രണ്ടു കുറിപ്പടികൾ എഴുതാറുണ്ട്. ഒന്ന് രോഗിക്ക് കൈവശം വയ്ക്കാനും മറ്റൊന്ന് മരുന്ന് നൽകുന്ന മെഡിക്കൽ സ്റ്റോറുകാർ വാങ്ങി സൂക്ഷിക്കാനുമുള്ളതാണ്. വിതരണം ചെയ്തെന്ന്
ആദ്യ കുറിപ്പടിയിൽ മുദ്ര പതിച്ച് കൊടുക്കുകയും വേണം.
സമാനമായി ആന്റിബയോട്ടിക്കുകൾക്കും രണ്ട് കുറിപ്പടികൾ ഡോക്ടർമാർ എഴുതണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
കൊവിഡിനുശേഷം
കുതിച്ചുയർന്നു
കൊവിഡ് കാലത്തെ ചികിത്സയോടെ പലതരത്തിലുള്ള ആന്റിബയോട്ടിക്കുകൾ ജനങ്ങൾക്ക് സുപചരിചതമായി. പനിവന്നാൽ മെഡിക്കൽ സ്റ്റോറിൽ പോയി വീര്യം കൂടിയ അതേ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നത് ഭൂരിഭാഗം പേരും ശീലമാക്കി.
ബാക്ടീരിയ അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. ശരീരത്തിന് ആവശ്യമില്ലങ്കിൽ എത്രകഴിച്ചാലും ഫലിക്കില്ല. മറിച്ച് പാർശ്വഫലങ്ങളുണ്ടാകുകയും ചെയ്യും.
പാർശ്വഫലങ്ങൾ
ചൊറിഞ്ഞു പൊട്ടൽ
ഓക്കാനം
അതിസാരം
യീസ്റ്റ് ഇൻഫെക്ഷൻ
അലർജി
ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള അണുബാധകൾ എണ്ണത്തിലെ വർദ്ധന.
`ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ, കൃത്യമായ ദിവസങ്ങളിൽ മാത്രം കഴിക്കണം. ഡോക്ടറുടെ കുറിപ്പില്ലാതെ ഒരു നുള്ള് അമോക്സിലിൻ പോലും ലഭ്യമാകാനോ, കഴിക്കാനോ അനുവദിക്കരുത്.'
-ഡോ. സുൽഫി നൂഹു
മുൻ സംസ്ഥാന പ്രസിഡന്റ് ഐ.എം.എ