എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി പത്താമൂഴം: വെള്ളാപ്പള്ളി നടേശൻ ഇന്ന് ചുമതലയേൽക്കും
ചേർത്തല: എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശൻ ഇന്ന് ചുമതലയേൽക്കും. ട്രസ്റ്റ് ആസ്ഥാനമായ കൊല്ലത്ത് രാവിലെ 10.00നാണ് സ്ഥാനമേൽക്കുന്നത്. മറ്റ് ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളും സ്ഥാനമേൽക്കും.
ഇത്തവണത്തെ വിജയത്തോടെ എസ്.എൻ ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി എത്തിയിട്ട് 28 വർഷം പൂർത്തിയാകും. ട്രസ്റ്റിന്റെ ചരിത്രത്തിൽ കൂടുതൽ കാലം സെക്രട്ടറി സ്ഥാനത്തിരുന്നയാൾ വെള്ളാപ്പള്ളിയാണ്. 1996 ഫെബ്രുവരി 3നാണ് വെള്ളാപ്പള്ളി സെക്രട്ടറിയായി ആദ്യം ചുമതലയേൽക്കുന്നത്. ഇതിനികം അഞ്ച് ചെയർമാൻമാരോടൊപ്പം വെള്ളാപ്പള്ളി പ്രവർത്തിച്ചു. ഡോ.കെ.കെ.രാഹുലനായിരുന്നു ആദ്യ ചെയർമാൻ. പിന്നീട് ഉണ്ണീരിക്കുട്ടി, കമലാസനൻ വൈദ്യർ,പട്ടത്തുവിള ദമോദരൻ മുതലാളി എന്നിവരും ചെയർമാൻമാരായി.കഴിഞ്ഞ 5 തവണയായി ഡോ.എം.എൻ.സോമനാണ് ചെയർമാൻ.
മികച്ച സംഘാടക മികവിലൂടെ ട്രസ്റ്റ് അംഗങ്ങളെയും സമുദായത്തേയും കൂട്ടിയോജിപ്പിച്ച് പ്രവർത്തിച്ച വെള്ളാപ്പള്ളിയെ എതിർക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. രണ്ടായിരത്തോളം വരുന്ന ബോർഡ് അംഗങ്ങളെ എല്ലാവരേയും നേരിട്ട് അറിയാമെന്നതാണ് അദ്ദേഹത്തിന്റെ ശക്തി. വെള്ളാപ്പള്ളി ചുമതലയേൽക്കുമ്പോൾ ട്രസ്റ്റിന് 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നത് 143 സ്ഥാപനങ്ങളായി വർദ്ധിച്ചു. നൂറു ശതമാത്തോളം വർദ്ധന. മാറിമാറി വരുന്ന സർക്കാരുകളോട് തന്റെ സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ വെള്ളാപ്പള്ളി നടത്തിയ പരിശ്രമമാണ് ഈ നേട്ടത്തിന് കാരണം. പൊതുരംഗത്തും സാമുദായിക നേതാവെന്ന നിലയിലും വെള്ളാപ്പള്ളി പുലർത്തുന്ന നിഷ്ഠകൾ എന്നും ആകർഷകമായിരുന്നു. പറയുന്നത് ചെയ്യുക, ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ തുറന്ന് പറയുക,അപ്രിയ സത്യങ്ങൾ വെട്ടിത്തുറന്ന് പറയുക എന്നീ ശീലങ്ങൾ ഒട്ടേറെ ശത്രുക്കളെ സമ്മാനിച്ചിട്ടുണ്ടെങ്കിലും അതിലെത്രയോ ഇരട്ടി സ്വീകാര്യതയാണ് സമൂഹത്തിൽ നിന്ന് അദ്ദേഹത്തിന് പകർന്നു കിട്ടിയത്.എത് വിഷയവും ആഴത്തിൽ പഠിക്കുകയെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ട്രസ്റ്റ് സെക്രട്ടറിയായ ശേഷമാണ് വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃസ്ഥാനത്ത് എത്തിയത്. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് ജനുവരിയിൽ 27വർഷം പൂർത്തിയാകും.