കുസാറ്റ് ദുരന്തം: അന്വേഷണം തുടങ്ങി

Monday 27 November 2023 12:02 AM IST

തിരുവനന്തപുരം: വൈസ് ചാൻസലറോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും സംഭവം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു റിപ്പോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി. സുരക്ഷാ വീഴ്ച സംബന്ധിച്ച് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷണം ആരംഭിച്ചു. മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ല, കൂടുതൽ ആളുകൾ എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല, പരിപാടിയുടെ നടത്തിപ്പിൽ വീഴ്ചപറ്റി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.

കുസാറ്റ് കാമ്പസിലെ ആംഫി തീയേറ്ററിൽ ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. മഹസർ രേഖപ്പെടുത്തി. വൈസ് ചാൻസലർ, അദ്ധ്യാപകർ, പരിക്കേറ്റ വിദ്യാർത്ഥികൾ, പരിപാടിയിൽ പങ്കെടുത്തവർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും. ഗാനമേളയുടെ സംഘാടകരെ പ്രതി ചേർത്തേക്കും. അസ്വാഭാവിക മരണത്തിന് കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

പൊലീസ് പ്രതീക്ഷിച്ചത് 'അടി"

കുസാറ്റിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷമുള്ളതിനാൽ ഗാനമേളയ്ക്കിടെ അടിപിടി മാത്രമേ പൊലീസ് പ്രതീക്ഷിച്ചിരുന്നുള്ളൂ. അതിനാൽ രാത്രി പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു. പരിപാടിയുടെ സമയത്തിനനുസരിച്ച് കുട്ടികളെ പ്രവേശിപ്പിക്കുന്നതിലെ വീഴ്ചയാണ് ദുരന്തകാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

''കളമശേരി സ്‌ഫോടനം, കുസാറ്റ് ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗരേഖ തയ്യാറാക്കും. ""

എം.ആർ. അജിത് കുമാർ

എ.ഡി.ജി.പി

''കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഓഡിറ്റോറിയത്തിലെ പരിപാടികൾക്ക് മാനദണ്ഡം കൊണ്ടുവരും.""
മന്ത്രി പി. രാജീവ്‌

Advertisement
Advertisement