ദുഃഖത്തിൽ പങ്കുചേരുന്നു: മുഖ്യമന്ത്രി
Monday 27 November 2023 1:15 AM IST
മുക്കം: കുസാറ്റിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായ ഉടൻ ജില്ലാ ഭരണകൂടം സംഭവസ്ഥലത്ത് ഓടിയെത്തിയിരുന്നു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും സംഭവസ്ഥലത്തുണ്ട്. ഇത്തരം പരിപാടികളിൽ പാലിക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുഃഖസൂചകമായി ഇന്നലെ നവകേരള സദസോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കിയിരുന്നു.