ഹിന്ദു, ക്രിസ്‌ത്യൻ സ്‌ത്രീകൾക്ക് പ്രസവിക്കാൻ വയ്യ; മുസ്ളീം സ്‌ത്രീകൾ പത്ത് പ്രസവിച്ചിട്ടും പോരെന്ന് പറഞ്ഞ് നിൽക്കുന്നുവെന്ന് പി സി ജോർജ്

Monday 27 November 2023 12:45 PM IST

പത്തനംതിട്ട: രാജ്യത്ത് ഹിന്ദു, ക്രിസ്‌ത്യൻ ജനസംഖ്യ കുറയുകയാണെന്ന് പി സി ജോർജ്. ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിലെ സ്‌ത്രീകൾ പ്രസവിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുവല്ലയിൽ സംഘടിപ്പിച്ച 'ഹമാസ് ഭീകരതയ്ക്കെതിരെ ജനകീയ കൂട്ടായ്‌മ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി സി ജോ‌ർജിന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ:

മുസ്ളീം സ്‌ത്രീകൾ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോര എന്ന് പറഞ്ഞ് നിൽക്കുകയാണ്. ഞാൻ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലിൽ കൂടുതൽ മക്കൾ വേണമെന്ന് പറയാറുണ്ട്. ഹിന്ദു, ക്രിസ്‌ത്യൻ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം. അതിന് സ്‌ത്രീകൾ പ്രസവിക്കാൻ തയ്യാറാകണം. ഇരാറ്റുപേട്ടയിൽ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതിൽ 38,500 പേരും മുസ്ളീങ്ങളാണ്.

ഹിന്ദു ജനസംഖ്യ പത്ത് വ‌ർഷം കൊണ്ട് ഒൻപത് ശതമാനം കുറഞ്ഞു. പതിനാറ് ശതമാനം മാത്രമായിരുന്ന മുസ്ളീംങ്ങൾ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേയ്ക്ക് നീങ്ങുകയാണ്. മുസ്ളീം ഭീകരയ്ക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നിൽ നിർത്തി പോരാടണം. രാഷ്ട്രീയപരമായ ബിജെപിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാൻ കഴിയുക. അവരുടെ തണലിൽ നിന്ന് ക്രിസ്‌ത്യാനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ട് പോയില്ലെങ്കിൽ കിടന്നുറങ്ങിയാൽ രാവിലെ തല കാണാത്ത നില വരും.

കേരളത്തിൽ നൂറിൽ കൂടുതൽ തീവ്രവാദ സ്ളീപ്പിംഗ് പോയിന്റുകളുണ്ടെന്ന് പറഞ്ഞത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ്. മോദി ഇപ്പോൾ ഭരണത്തിലില്ലായിരുന്നുവെങ്കിൽ ഹമാസ് ഭീകര ചോദ്യം ചെയ്യാൻ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു. ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞതിനാണ് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്.

കേരളത്തിൽ മനസമാധാനത്തോടെ ജീവിക്കാനും പെൺമക്കളെ ഈ കശ്‌മലൻമാർ തട്ടികൊണ്ട് പോകാത്ത സാഹചര്യം ഉണ്ടാകണമെങ്കിൽ ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കണം. പെൺകുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആൾക്കാരാണ് അന്ന് അരമനയിലേയ്ക്ക് വന്നത്. അന്ന് ആ‌ർ എസ് എസുകാ‌ർ എത്തിയതാണ് രക്ഷപ്പെടുത്തിയത്. വെടിവപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് ഞാൻ നിന്നത്.

എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ ആ‌ർ എസ് എസുകാർ തടഞ്ഞു. അവരുടെ ക്യാമ്പിൽ സംസാരിച്ചിട്ട് കൊണ്ടുപോയാൽ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാർക്ക് ഒന്നും ചെയ്യാനായില്ല. അവർ ഭയന്ന് നിൽക്കുകയായിരുന്നു. ഒടുവിൽ ആർ എസ് എസുകാരോട് പിരിഞ്ഞുപോകാൻ പറയണമെന്ന് പൊലീസ് എന്നോട് അഭ്യർത്ഥിച്ചു. ഞാൻ പറഞ്ഞിട്ടാണ് അന്ന് ആ‌‌ർ എസ് എസുകാർ പിരിഞ്ഞ് പോയത്. അതുകൊണ്ട് ബിജെപിയോടും ആ‌ർ എസ് എസിനോടും എനിക്ക് നന്ദിയുണ്ട്.

2060ഓടെ ഇന്ത്യ പിടിച്ചടക്കുമെന്ന അഹങ്കാരത്തിലാണ് മുസ്ളീം ഭീകരവാദികൾ പ്രവർത്തിക്കുന്നത്. ഹിന്ദുക്കളും ക്രിസ്‌ത്യാനികളും ഒരുമിച്ച് നിൽക്കണം. എന്തെങ്കിലും പ്രശ്‌നം വന്നാൽ പൊലീസ് സ്റ്റേഷനിൽ പോലും പോകരുത്. നമ്മുടെ ഉള്ളിൽ തന്നെ തീ‌ർക്കണം. ബിജെപി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നിൽക്കണം.