നവകേരള സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചു; ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

Monday 27 November 2023 2:47 PM IST

മലപ്പുറം: നവകേരള സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ‌. കേരള ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിനെതിരായ ഹർജിയിലെ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു. വിവാദ ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് നടപടി.

നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയിലാണ്. രാവിലെ ഒമ്പത് മണിക്ക് തിരൂരിലാണ് പ്രഭാത യോഗം ചേർന്നത്. രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലായിരുന്നു ആദ്യ പരിപാടി. വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂര്‍ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂര്‍ മണ്ഡലത്തിലെ പരിപാടി. നവകേരള സദസിനോട് അനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.