നവകേരള സദസിലും മന്ത്രിമാരുടെ  ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി; കത്ത് വന്നത് ആന്റണി  രാജുവിന്റെ  ഓഫീസിൽ

Monday 27 November 2023 7:45 PM IST

തിരുവനന്തപുരം: നവകേരള സദസിന്റെ വേദിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലാണ് ഭീഷണി കത്ത് ലഭിച്ചത്. മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു പോസ്റ്റ്കാർഡിലാണ് സന്ദേശം ലഭിച്ചത്. മൂന്ന് സ്ഥലത്ത് ബോംബ് വയ്ക്കും എന്നാണ് ഭീഷണി. മന്ത്രിമാർ സഞ്ചരിക്കുന്ന ബസിലേയ്ക്ക് ചാവേർ ഓടിക്കയറുമെന്നും കത്തിലുണ്ടെന്നാണ് വിവരം. പത്താം ദിവസത്തിൽ നവകേരള സദസ് മലപ്പുറം ജില്ലയിലാണ് പര്യടനം നടത്തുന്നത്. നാലു ജില്ലകളിൽ സന്ദർശനം പൂർത്തിയാക്കിയിരുന്നു.

നേരത്തെ, കോഴിക്കോട് നടക്കുന്ന നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് കളക്ട്രേറ്റിലേയ്ക്കാണ് ഭീഷണി കത്ത് ലഭിച്ചത്. പിണറായിയെ ഒരു കോടി ബസോടെ മാനന്തവാടി പുഴയിൽ കാണാമെന്നായിരുന്നു കത്തിലെ ഭീഷണി.

അതേസമയം, നവകേരള സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. കേരള ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.